ബാര്‍ കോഴ: മാണിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ ജോസ് 10 കോടി രൂപ വാഗ്‌ദാനം ചെയ്തു: ബിജു രമേശ്

ബാര്‍ കോഴ കേസില്‍ ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്. കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്ത് കോടി വാഗ്‍ദാനം ചെയ്തു. പണം വാഗ്‍ദാനം ചെയ്തപ്പോള്‍ തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നു. ആരോപണത്തില്‍ ഉറച്ച് നില്‍ക്കണമെന്ന് സി.പി.എം നേതാക്കളും ആവശ്യപ്പെട്ടു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്‍ദാനം ചെയ്തത്. തനിക്ക് ഫോണ്‍ വന്നതിന് സാക്ഷികളുണ്ടെന്നും ബിജു രമേശ് പറഞ്ഞു.

ആരോപണം ഉന്നയിച്ചതിന്‍റെ രണ്ടാം ദിവസം ജോൺ കല്ലാട്ടിന്‍റെ ഫോൺ വന്നു. എന്ത് പറയണമെന്ന് ജോൺ കല്ലാട്ട് മെയിൽ അയച്ച് തന്നു. എന്ത് ഓഫറിനും തയ്യാറെന്ന് നേരിട്ട് പറഞ്ഞെന്നും ബിജു രമേശ് പറയുന്നു. അടൂർ പ്രകാശുമായി ഉള്ളത് കുടുംബപരമായ അടുപ്പം മാത്രമാണ്. തന്‍റെ കൂടെ നിന്ന പലരെയും പർച്ചേസ് ചെയ്തു. ബാർ വിഷയം കൊണ്ടുവന്നില്ലെങ്കിൽ കെ.എം മാണി എൽ.ഡി.എഫിലേയ്ക്ക് വരുമായിരുന്നുവെന്ന് കോടിയേരി പറഞ്ഞിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബിജു രമേശിന്‍റെ ആരോപണത്തെ ജോസ് കെ. മാണി നിഷേധിച്ചു. കെ. എം മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശിന്‍റെ പുതിയ ആരോപണമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അന്ന് തന്‍റെ പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ തന്നെ ലക്ഷ്യം വെക്കുന്നു. ബിജുരമേശ് ഇപ്പോൾ രംഗത്തെത്തിയതിന്‍റെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ മാണി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *