ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശം 5500 രൂപ മാത്രം, ആകെ ആസ്തി 52.58 ലക്ഷം; സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ

തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര-ജംഗമ ആസ്തിയായുള്ളത് 52,58,834 യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ​ 20,28,834 രൂപയാണ്​​ ജംഗമ ആസ്​തിയായുള്ളത്.

ക​മ്പോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്​. 2053 സ്ക്വയർ ഫീറ്റ്​ വരുന്ന വീടിന്‍റെ ക​മ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത്​ കൂടാതെ 80,000 രൂപയുടെ വസ്​തുവും കൈവശമുണ്ട്​​. സ്ഥാവര ആസ്​തിയായി മൊത്തം​ 32,30,000 രൂപയുണ്ട്. വാഹന വായ്​പയായി 9,22,671 രൂപ അടക്കാനുണ്ട്​. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ്​ ലക്ഷം രൂപയുമുണ്ട്​. പത്താം ക്ലാസ്​ തോൽവിയാണ്​ വിദ്യാഭ്യാസ യോഗ്യത.

ആലത്തൂർ പൊലീസ്​ സ്​റ്റേഷൻ, ചേരാനല്ലൂർ പൊലീസ്​ സ്​റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രിമിനൽ​ കേസുകളുണ്ട്. വെള്ളിയാഴ്ച്ച ഉച്ചക്ക്​ രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ്​ കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ‌ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *