ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു, ജൂവലറി പൂട്ടുമെന്ന് ഉറപ്പായിട്ടും നിക്ഷേപം സ്വീകരിച്ചതായി വിവരം

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു. പ്രശ്‌ന പരിഹാരത്തിന് ലീഗ് നേതൃത്വം തന്നെ ഇടപെട്ടെങ്കിലും മദ്ധ്യസ്ഥ ശ്രമങ്ങളില്‍ പുരോഗതിയില്ല. മുസ്ലീം ലീഗ് നേതൃത്വത്തിന് ജൂവലറിയുടെ ആസ്തിയും ബാദ്ധ്യതയും സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ആസ്തികളുടെ കണക്കെടുപ്പ് എങ്ങുമെത്തിയില്ല. ഈമാസം മുപ്പതിനകം ആസ്തിയുടെയും ബാദ്ധ്യതയുടെയും കണക്ക് ലീഗ് സംസ്ഥാന നേതൃത്വത്തിന് കൈമാറണം.

ബാദ്ധ്യതയുടെ കണക്കെടുപ്പ് പൂര്‍ത്തിയായെങ്കിലും നിക്ഷേപകര്‍ക്ക് തുക എവിടെനിന്ന് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. അതിനിടയിലാണ് മദ്ധ്യസ്ഥനായ ലീഗ് ജില്ലാ ട്രഷറര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിക്ഷേപ തട്ടിപ്പിന് പുറമെ ജി.എസ്.ടി. വെട്ടിപ്പും കണ്ടെത്തിയതോടെ ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കടക്കാം. പിഴയും പലിശയും ഉള്‍പ്പടെ ഒരു കോടി 41 ലക്ഷം രൂപയാണ് ജി.എസ്.ടി അടയ്‌ക്കേണ്ടത്.

അതിനിടെ, ജൂവലറി പൂട്ടുമെന്ന് ഉറപ്പായിട്ടും നിക്ഷേപം സ്വീകരിച്ചതായും ആസ്തികള്‍ വ്യാപകമായി വിറ്റഴിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. തകരുമെന്ന് ഉറപ്പായതോടെ പയ്യന്നൂരും കാസര്‍കോടുമുളള ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തികള്‍ എം.സി കമറുദീനും ടി.കെ പൂക്കോയ തങ്ങളും വ്യാപകമായി വില്‍പ്പന നടത്തിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ജൂവലറി പൂട്ടിയ ഉടന്‍ കാസര്‍കോട് കെട്ടിടവും സ്ഥലവും വില്‍പ്പന നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *