ഫസല്‍ വധം: സിപിഎമ്മിനു പങ്കില്ലെന്നും പിന്നില്‍ ആര്‍എസ്‌എസ് എന്നും മൊഴി

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ചതു താനുള്‍പ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന മൊഴിയുമായി ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍. സിപിഎം പ്രാദേശിക നേതാവ് പടുവിലായി വാളാങ്കിച്ചാല്‍ മോഹനനെ വധിച്ച കേസില്‍ പിടിയിലായ മാഹി ചെമ്ബ്ര സ്വദേശി സുബീഷാണു ചോദ്യം ചെയ്യലിനിടെ, ഫസല്‍ വധക്കേസ് ഉള്‍പ്പെടെ മറ്റു ചില കേസുകളിലെ പങ്കു കൂടി വ്യക്തമാക്കുന്ന മൊഴി നല്‍കിയത്. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിനു വിരുദ്ധമാണ് സുബീഷിന്റെ മൊഴി. ഇത് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കും. സുബീഷിന്റെ മൊഴിയുടെ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ഡിജിപിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു.

കേസില്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെ എട്ടു സിപിഎമ്മുകാരെ പ്രതി ചേര്‍ത്തു സിബിഐ സമര്‍പ്പിച്ച കുറ്റപത്രം തലശ്ശേരി കോടതിയുടെ പരിഗണനയിലാണ്.
ഇരിഞ്ഞാലക്കുട സ്വദേശിയായ ഒരു പ്രചാരക്, ഡയമണ്ട് മുക്കിലെ ആര്‍എസ്‌എസ് നേതാക്കളായ മനോജ്, ശശി എന്നിവരും താനും ഉള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിനു പിന്നിലെന്നാണ് സുബീഷ് മൊഴി നല്‍കിയിരിക്കുന്നത്.
സുബീഷിന്‍റെ മൊഴിയുെട ശബ്ദരേഖയും വിഡിയോ ദൃശ്യങ്ങളും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ കണ്ണൂര്‍, തലശേരി ഡിവൈഎസ്പിമാരുടെ സാന്നിധ്യത്തിലാണ് പ്രതി മൊഴി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി ജില്ലാ പൊലീസ് മേധാവി വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദിന്‍ തിരുവനന്തപുരത്തെത്തി ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറി.
ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച അപേക്ഷ സിബിഐയുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് കോടതി തള്ളുകയായിരുന്നു.
ഫസല്‍വധത്തിനു പിന്നില്‍ ആര്‍എസ്‌എസ് ആണെന്നുള്ള ആരോപണം നേരത്തെ തന്നെ സിപിഎം ഉയര്‍ത്തിയിരുന്നു. കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതി ചേര്‍ത്തതിനെതിരെ ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ റഹ്മാനും രംഗത്തെത്തിയിരുന്നു.ഫസല്‍വധക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ലഭിച്ച അനുകൂലമൊഴി ഉപയോഗിച്ച്‌ കാരായി രാജനെയും ചന്ദ്രശേഖരനെയും മോചിതരാക്കാനുള്ള നടപടികളും ആഭ്യന്തരവകുപ്പ് തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *