പ്രതിഷേധം: ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധന പിന്‍വലിച്ചു

പാരീസ്: ഫ്രാന്‍സില്‍ ആഴ്ചകളായി നടക്കുന്ന പ്രതിഷേധം വന്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ധന നികുതിവര്‍ധന ആറു മാസത്തേക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭരണകക്ഷി എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി എഡ്വര്‍ഡ് ഫിലിപ്പെയാണ് അധികനികുതി താല്‍ക്കാലികമായി പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. രാജ്യത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അതിന്റെ ഭാഗമാണ് തീരുമാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞദിവസം അടിയന്തരയോഗം വിളിച്ചിരുന്നു.

ഈവര്‍ഷം മാത്രം 14 ശതമാനമാണ് ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്(കാര്‍ബണ്‍ ടാക്‌സ്) എന്നുപറഞ്ഞാണ് ഏറ്റവും അവസാനമായി ഇന്ധനവില വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനയ്‌ക്കെതിരെ തലസ്ഥാനമായ പാരീസ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ‘മഞ്ഞക്കുപ്പായക്കാരുടെ’ നേതൃത്വത്തില്‍ അരങ്ങേറിയ ശക്തമായ പ്രക്ഷോഭം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

കഴിഞ്ഞ നവംബര്‍ 17 മുതല്‍ രാജ്യത്ത് നടന്ന പ്രക്ഷോഭത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നാനൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരേസമയം രാജ്യത്തെ രണ്ടായിരത്തിലധികം സ്ഥലങ്ങളില്‍ പ്രക്ഷോഭം നടന്നു. നവമാധ്യമങ്ങളിലൂടെ വന്‍ ജനപിന്തുണ ‘മഞ്ഞക്കുപ്പായക്കാര്‍ക്ക്’ കിട്ടിയതോടെയാണ് സര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധന പിന്‍വലിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *