പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കും, പ്രതിഷേധം നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍

തിരുവനന്തപുരം: സഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും വിസ്ഫോടനാത്മകമായ സ്ഥിതി സഭയിലില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ചോദ്യോത്തരവേള കഴിഞ്ഞാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാമെന്ന് താന്‍ ഇന്ന് പ്രതിപക്ഷ നേതാവിനോട് വ്യക്തമാക്കിയതായിരുന്നു എന്നാല്‍ സഭയുടെ ചരിത്രത്തില്‍ കാണാന്‍ കഴിയാത്ത രീതിയിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നും സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിപക്ഷം മിതത്വം പാലിക്കണമെന്നും സ്പീക്കര്‍ കൂട്ടിചേര്‍ത്തു.

പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ചെയറിനെ അവഹേളിക്കുന്നത് തെറ്റാണ്. ചെയറിന്റെ മുഖം മറച്ചുള്ള പ്രതിഷേധം തെറ്റാണെന്ന് പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സ്പീക്കറിന്റെ ഡയസിന് മുന്നിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *