പുതിയ വോട്ടര്‍ പട്ടിക 22ന്

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ സംസാരിക്കുന്നു

വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിനായി രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ അമീത് മീണ യോഗത്തില്‍ അധ്യക്ഷനായി. ജില്ലയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്താനും കലക്ടര്‍ ആവശ്യപ്പെട്ടു. മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കാനായി തെരഞ്ഞെടുപ്പ് വിഭാഗവും പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും. പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. തെരഞ്ഞെടുപ്പിലുടനീളം ഹരിത നിയമാവലി കര്‍ശനമായി പാലിക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലയില്‍ മുഴുവനായും പെരുമാറ്റ ചട്ടം ബാധകമായതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങല്‍, എഗ്രിമെന്റ് ഒപ്പുവയ്ക്കല്‍, ഫണ്ട് അനുവദിക്കല്‍ തുടങ്ങിയവ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ സഹകരിക്കണം.
പോളിങ്ങില്‍ വി വി പാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പ് വിഭാഗം പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും. ഇ-അനുമതി, ഇ-പരാതി തുടങ്ങിയവയ്ക്കായി രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നിലവിലുള്ള വോട്ടര്‍ പട്ടിക 2017 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരെ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കി മാര്‍ച്ച് 23ന് പ്രസിദ്ധീകരിച്ചതാണ്. ഇതനുസരിച്ച് 1,68,475 പേരാണ് മണ്ഡലത്തിലുള്ളത്. എന്നാല്‍ സെപ്തംബര്‍ 11 വരെ അപേക്ഷിച്ചവരെക്കൂടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഹിയറിങ് നടത്തി ഇവരെക്കൂടി ഉള്‍പ്പെടുത്തിയുള്ള പട്ടിക 22ന് പ്രസിദ്ധീകരിക്കും. മണ്ഡലത്തില്‍ 148 പോളിങ് സ്റ്റേഷനുകളും 17 അനുബന്ധ ബൂത്തുകളുമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ അന്തിമ പട്ടിക വരുന്നതോടെ അനുബന്ധ ബൂത്തുകളുടെ എണ്ണത്തില്‍ മാറ്റംവരും.
യോഗത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ എന്‍ മോഹന്‍ദാസ് (സിപിഐ എം), എം എ ഖാദര്‍, എന്‍ മുഹമ്മദുകുട്ടി (ഐയുഎംഎല്‍), പി സി വേലായുധന്‍കുട്ടി (ഐഎന്‍സി), സി എച്ച് നൌഷാദ് (സിപിഐ), വേണുഗോപാലന്‍ (ബിജെപി), ഹംസ പാലൂര്‍ (എന്‍സിപി), പി മുഹമ്മദാലി (ജെഡിഎസ്), തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എന്‍ വി രഘുരാജ്, എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടറും വരണാധികാരിയുമായ സജീവ് ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *