പാക്കിസ്ഥാൻ ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നു

ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിക്കൊണ്ട് അമേരിക്കയുടെ റിപ്പോർട്ട്. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച്‌ പരാമര്‍ശമുള്ളത്.

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ പുലർത്തുന്ന തണുപ്പൻ പ്രതികരണത്തെ അമേരിക്ക രൂക്ഷമായി വിമർശിക്കുന്നുണ്ട്. 2016-ല്‍ ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫണ്ട് ശേഖരിക്കാനും സംഘടന കെട്ടിപ്പടുക്കാനും പാക്കിസ്ഥാനെ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-ലെ കണക്കുകള്‍ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട്.

ഇത്തരം ഭീകരാക്രമണങ്ങളുടെ ഇര ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ചും ഇന്ത്യയിലെ ഐഎസ് റിക്രൂട്ട്മെന്റിനെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിനു പുറമെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സംഘടനയ്ക്കെതിരെ പാകിസ്ഥാന്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. മാത്രമല്ല അഫ്ഗാനിലെ അമേരിക്കന്‍ താത്പര്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെ പരിമിതപ്പെടുത്താനും പാക്കിസ്ഥാന് കഴിഞ്ഞില്ലെന്നും യുഎസ് ആരോപിക്കുന്നു.

ലഷ്കര്‍ ഇ തൊയ്ബയെ പാക്കിസ്ഥാന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന്റെ പോഷക സംഘടനയായ ജമാത്ത്വാക്ക് പാക്കിസ്ഥാനില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അതേസമയം പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകര സംഘടനകളിൽ നിന്ന് തങ്ങളും ആക്രമണങ്ങള്‍ക്ക് ഇരയായിയെന്ന് ഇന്ത്യയും പറയുന്നു. ജമ്മുകശ്മീരില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ പാകിസ്ഥാനെയാണ് ഇന്ത്യന്‍ അധികൃതര്‍ എന്നും കുറ്റപ്പെടുത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *