പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. ഭീകരവാദത്തിനെതിരായ ഇരു നേതാക്കളുടേയും സംയുക്ത പ്രസ്താവന പാക്കിസ്ഥാനെതിരായ മുന്നറിയിപ്പായി.

ഭീകരര്‍ക്ക് താവളമൊരുക്കുന്ന ഏതു രാജ്യത്തേയും എതിര്‍ത്തു തോല്‍പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ മോദിയും ട്രംപും അടിവരയിട്ടു പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടമാണ് ഇരു രാഷ്ട്രങ്ങളുടേയും ഏറ്റവും പ്രധാന മുന്‍ഗണനയെന്ന് മോദി പറഞ്ഞപ്പോള്‍ ഭീകരസംഘടനകളേയും അവരെ മുന്നോട്ടു നയിക്കുന്ന ആശയത്തേയും ഒന്നിച്ച് എതിര്‍ത്തു തോല്‍പിക്കും എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

അവിശുദ്ധ ഇസ്ലാമിക ഭീകരതയെ ഞങ്ങള്‍ പരാജയപ്പെടുത്തും എന്ന് ട്രംപ് എടുത്തു പറഞ്ഞു.
ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ഉച്ചകോടി അര്‍ഥവത്തായെന്ന് ഇരുവരുടേയും ശരീരഭാഷയില്‍ നിന്നു വ്യക്തമായിരുന്നു. ആദ്യ കൂടിക്കാഴ്ചയുടെ അകല്‍ച്ചയൊന്നുമില്ലാതെ ഏറെ സൗഹാര്‍ദപരമായിരുന്നു ഇടപെടല്‍.

വൈറ്റ് ഹൗസിലെ റോസ്ഗാര്‍ഡനില്‍ സംയുക്തപ്രസ്താവനയ്ക്കിടെ മൂന്നു വട്ടമാണ് ഇരുവരും ആലിംഗനം ചെയ്തത്. മോദി അമേരിക്കയിലെത്തുന്നതിനു തൊട്ടു മുമ്പ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചതിനെ ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *