പലസ്തീന് അമേരിക്കയുടെ മുന്നറിയിപ്പ്

സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെങ്കില്‍ പാലസ്തീന് നല്‍കുന്ന എല്ലാ സാമ്പത്തിക സഹായവും നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോടിക്കണക്കിന് രൂപ പാലസ്തീന്‍ ജനതയ്ക്കായി ചെലവഴിച്ചിട്ടും അമേരിക്കയ്ക്ക് അര്‍ഹിക്കുന്ന ബഹുമാനവും അംഗീകാരവും അമേരിക്കയ്ക്ക് നല്‍കുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ തുറന്നടിച്ചു. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകാരിക്കാനുള്ള തീരുമാനത്തിനു ശേഷമാണ് പാലസ്തീന്‍ അമേരിക്കയെ തീര്‍ത്തും അംഗീകരിക്കാതിരിക്കുന്നതെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍, പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി ഐക്യരാഷ്ട്ര സഭ രൂപീകരിച്ചിട്ടുള്ള സംഘടനയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം ട്രംപ് നിര്‍ത്തലാക്കിയിരുന്നു.

അടുത്താഴ്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ജറുസലേം സന്ദര്‍ശനം നടത്താനിരിക്കെവെയാണ് ട്രംപിന്റെയും നിക്കി ഹാലെയുടെയും വിമര്‍ശനങ്ങള്‍.
ഡിസംബര്‍ ആറിനാണ് ഇസ്രായേലിലെ യു.എസ് എംബസി ജറുസലേമിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം ട്രംപ് പുറത്തുവിട്ടത്. അമേരിക്കയും പലസ്തീനും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതോടെ വഷളായിരിക്കുകയാണ്.

അതേസമയം ഇസ്രായേല്‍ പ്രതിരോധ മന്ത്രി എല്ലി ബെന്‍ ദഹാന്‍ ട്രംപിന്റെ വിമര്‍ശനത്തെ സ്വാഗതം ചെയതു. അവസാനം അമേരിക്കന്‍ പ്രസിഡന്റ് പാലസ്തീന്‍കാരെക്കുറിച്ചുള്ള സത്യം പറഞ്ഞിരിക്കുന്നുവെന്നും വര്‍ഷങ്ങളായി ലോകത്തെ വഞ്ചിച്ചുകൊണ്ടിരുന്ന പലസ്തീന്‍കാര്‍ ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ അതുകൊണ്ട് നേട്ടം തങ്ങള്‍ക്കായിരിക്കുമെന്നും അവര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *