‘പരിധിയില്‍ കവിഞ്ഞ ഭൂമി’; പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പരാതി

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചിരിക്കുന്നതായി ആരോപണം. ഈ ഭൂമി സര്‍ക്കാരിലേക്ക് കണ്ടു കെട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ അറിയിച്ചു. റവന്യൂ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പറയുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലമനുസരിച്ച് 207.4 ഏക്കര്‍ ഭൂമി പി.വി അന്‍വര്‍ കൈവശം വെച്ചിരിക്കുന്നുണ്ട്. ഇത് ഒരാള്‍ക്ക് കൈവശം വെക്കാവുന്ന ഭൂപരിധിക്ക് മുകളിലാണ്. അന്‍വറിനെതിരെ സ്വമേധയാ കേസെടുക്കാന്‍ സംസ്ഥാന ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ താമരശേരി ലാന്‍റ് ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയുമെടുത്തില്ലെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആരോപിക്കുന്നത്.

മറ്റു എം.എല്‍.എമാരെല്ലാം തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഭൂമിയുടെ അളവ് ഏക്കറിലും സെന്‍റിലുമാണ് രേഖപ്പെടുത്തിയത്. അന്‍വര്‍ ചതുരശ്ര അടിയിലാണ് ഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നിയമ ലംഘനം ശ്രദ്ധയില്‍ പെടാതിരിക്കാനാണെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും പരാതിയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *