പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ബിജെപിയുടെ പോസ്റ്റർ വിവാദത്തിൽ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ബിജെപിയുടെ പോസ്റ്റർ വിവാദത്തിൽ. പശുവിനെ കെട്ടിപ്പിടിച്ചിരിക്കുന്ന പെൺകുട്ടിയുടെ ചിത്രമടങ്ങിയ പരസ്യമാണ് പ്രമുഖ പത്രങ്ങളിലെല്ലാം വന്നത്. പശുവിനെ അനാദരിക്കുന്ന തരത്തിൽ നിതീഷ് കുമാറിന്റെ സഖ്യകക്ഷികൾ നടത്തിയ പ്രസ്താവനകളിൽ പ്രതികരിക്കാത്തതെന്താണെന്ന് ചോദിക്കുന്നതാണ് പരസ്യം.

സഖ്യകക്ഷികളുടെ ഈ പ്രസ്താവനകളോട് യോജിക്കുന്നുണ്ടെങ്കിൽ അതു തുറന്നു സമ്മതിക്കണമെന്നും പരസ്യത്തിൽ പറയുന്നു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ളവരാണ് ബീഫ് നിരോധനത്തിൽ പ്രസ്താവനയുമായെത്തിയത്. പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ദാദ്രിയിൽ ഒരാളെ തല്ലിക്കൊന്നതിനു പിന്നാലെയാണ് ലാലു അടക്കമുള്ള നേതാക്കൾ വിവാദ പ്രസ്താവനകൾ നടത്തിയത്. ഹിന്ദുക്കൾ ബീഫ് കഴിക്കാറില്ലയോ എന്നതായിരുന്നു ലാലുവിന്റെ പരാമർശം. പാവങ്ങളെ ബീഫ് കഴിക്കാൻ ആരും നിർബന്ധിക്കാറില്ല. ഇന്ത്യയ്ക്കു പുറത്തുള്ളവരും ബീഫ് കഴിക്കാറുണ്ട്. ഇതിൽ എന്തു വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നും ലാലു ചോദിച്ചിരുന്നു.

ബിജെപിയുടെ ഈ പരസ്യത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. ബിഹാറിൽ ഈ പരസ്യം നൽകിയതിനു പിന്നിൽ ബിജെപിയുടെ പ്രാദേശിക നേതാക്കളാണോ അതോ പ്രമുഖ നേതാക്കളാണോയെന്ന് വ്യക്തമാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *