പതിവ് പോലെ തോറ്റുതുടങ്ങി മുംബൈ; ദൈവത്തിന്‍റെ പോരാളികള്‍ കപ്പടിക്കുമെന്ന് ആരാധകരും..

ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങുന്നതിന്‍റെ ദുര്‍ഭൂതം ഒഴിയാതെ മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ തോല്‍വിയോടെ തുടങ്ങുന്നതാണ് ദൈവത്തിന്‍റെ പോരാളികളുടെ രാശിയെന്ന് ആരാധകരും. ഐ.പി.എല്ലിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന ഉദ്ഘാടനമത്സരത്തില്‍ മുംബൈയെ അവസാന പന്തിലാണ് ബെംഗളൂരു കീഴടക്കിയത്.

പതിവുപോലെ മുംബൈ തോൽവിയോടെ തുടങ്ങിയിരിക്കുകയാണ്. ജയിച്ച് തുടങ്ങുന്ന മുംബൈയെക്കാളും ഭയക്കേണ്ടത് തോറ്റുതുടങ്ങുന്ന മുംബൈയെ ആണെന്നാണ് മുംബൈയെ അറിയാവുന്നവര്‍ പറയുന്നതും. ദൈവത്തിന്‍റെ പോരാളികൾ തോൽവിയോടെ തുടങ്ങിയാൽ ആ വർഷം കപ്പടിക്കുമെന്നാണ് മുംബൈ ആരാധകരുടെ വിശ്വാസവും അവകാശ വാദവും.

ആദ്യ മത്സരം ജയിക്കുന്നതല്ല മറിച്ച് ടൂർണമെന്‍റ് വിജയിക്കുന്നതാണ് പ്രധാന കാര്യമെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ കൂടി പറഞ്ഞതോടെ ഇരട്ടി ആവേശത്തിലാണ് ആരാധകര്‍. ബാംഗ്ലൂരിനെതിരെ പരാജയം നേരിടേണ്ടി വന്നെങ്കിലും തന്‍റെ ടീം മികച്ച രീതിയിൽ പൊരുതിയെന്നും, അവസാനം വരെ ജയിക്കാനായി ശ്രമം നടത്തിയെന്നും രോഹിത് വ്യക്തമാക്കി. തോല്‍വി വഴങ്ങിയാല്‍ തളര്‍ന്നിരിക്കുന്നതല്ല മുംബൈയുടെ ശീലമെന്ന് അവരുടെ മുന്‍കാല റെക്കോര്‍ഡുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഐ.പി.എല്ലിന്‍റെ ആദ്യ മല്‍സരത്തിലെ മോശം റെക്കോര്‍ഡ് തിരുത്താന്‍ മുംബൈ ഇന്ത്യന്‍സിനാകുമോ എന്നത് തന്നെയായിരുന്നു ആരാധകര്‍ ഇത്തവണയും ഉറ്റുനോക്കിയത്. എന്നാല്‍ ഇത്തവണയും അതുണ്ടായില്ല. കപ്പടിച്ചിട്ടും മാറാത്ത ആ നാണക്കേട് തിരുത്താന്‍ രോഹിത്തിന്‍റെ മുംബൈക്ക് ആയില്ല. രോഹിത് ശര്‍മ്മയുടെ കീഴില്‍ കളിച്ച കഴിഞ്ഞ എട്ടു സീസണുകളിലും മുംബൈയ്ക്കു ആദ്യ മത്സരം ജയിക്കാനായിട്ടില്ല.

2013ല്‍ മുംബൈയുടെ ക്യാപ്റ്റന്‍ ക്യാപ്പ് അണിഞ്ഞ രോഹിതിന് ആദ്യ കളി ജയിക്കാന്‍ കഴിയാത്തതാണ് ഭാഗ്യമുദ്ര എന്ന് കരുതുന്നവരാണ് ആരാധകരില്‍ ഭൂരിഭാഗവും. അതിന് അവര്‍ നിരത്തുന്ന കണക്കുകളും ന്യായമാണ്. ആദ്യ കളി തോറ്റതിന് ശേഷം അഞ്ച് തവണയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് കീഴില്‍ കിരീടം സ്വന്തമാക്കിയത്.

2013ല്‍ രോഹിത് മുംബൈയുടെ ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈയുടെ എതിരാളി കൊല്‍ക്കത്ത ആയിരുന്നു. സീസണിലെ ആദ്യ കളിയില്‍ കൊല്‍ക്കത്ത് 41 റണ്‍സിനാണ് അന്ന് മുംബൈയെ തകര്‍ത്തുവിട്ടത്.

2015ല്‍ വീണ്ടും കൊല്‍ക്കത്തയെ തന്നെയാണ് മുംബൈയ്ക്കു എതിരാളികളായി ലഭിച്ചത്. ഇത്തവണ മുംബൈയുടെ തോല്‍വി ഏഴു വിക്കറ്റിനായിരുന്നു.

ചെന്നൈ സൂപ്പര്‍കിങ്സിന്‍റെ വിലക്കിനെത്തുടര്‍ന്ന് 2016ല്‍ രംഗപ്രവേശനം ചെയ്ത റൈസിങ് പുനെ ജയന്‍റ്സ് ആണ് അടുത്ത സീസണില്‍ മുംബൈയെ കാത്തിരുന്നത്. ഒമ്പത് വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് മുംബൈ ഇത്തവണ നേരിട്ടത്.

തൊട്ടടുത്ത സീസണിലും ആദ്യ കളിയില്‍ റൈസിങ് പുനെ ജയന്‍റ്സിനെ തന്നെയാണ് മുംബൈയ്ക്കു ലഭിച്ചത്. ഇത്തവണയും ഫലത്തില്‍ മാറ്റമുണ്ടായില്ല. ഏഴു വിക്കറ്റിനായിരുന്നു ഇത്തവണ മുംബൈ വധം.

2018ല്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായായിരുന്നു മുംബൈയുടെ ആദ്യ പോരാട്ടം. അവിടെയും ഭാഗ്യദേവത ചെന്നൈക്കൊപ്പമായിരുന്നു. ഏഴു വിക്കറ്റിന് ധോണിപ്പട രോഹിത്തിനെയും സംഘത്തെയും കെട്ടുകെട്ടിച്ചു.

2019ല്‍ ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് മുംബൈയ്ക്കു എതിരാളികളായി ആദ്യ മല്‍സരത്തില്‍ ലഭിച്ചത്. 37 റണ്‍സിന് മുംബൈയെ ഡല്‍ഹി അന്ന് തോല്‍പ്പിച്ചു.

ഏറ്റവും അവസാനമായി നടന്ന ഐ.പി.എല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്നിലായിരുന്നു മുംബൈയുടെ ആദ്യ മത്സരവും തോല്‍വിയും. അന്ന് യു.എ.ഇയില്‍ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ചെന്നൈ മുംബൈയെ തകര്‍ത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *