നെതന്യാഹുവിനെതിരെ അഴിമതി കുറ്റം ചുമത്താനൊരുങ്ങി ഇസ്രയേല്‍ പൊലീസ്

ജെറുസലേം: അഴിമതിക്കേസില്‍ കുറ്റം ചുമത്താവുന്ന തെളിവുകള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ലഭിച്ചുവെന്ന് ഇസ്രയേല്‍ പൊലീസിന്റെ വെളിപ്പെടുത്തല്‍. കൈക്കൂലി , കൃത്രിമത്വം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ കഴിയുന്ന തെളിവുകള്‍ കിട്ടിയെന്ന് വ്യാഴാഴ്ചയാണ് പൊലീസ് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം അറ്റോര്‍ണി ജനറലിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ തെറ്റ് ചെയ്യാത്തതിനാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഇസ്രയേല്‍ പൗരനും ഹോളിവുഡ് നിര്‍മാതാവുമായ അര്‍നോന്‍ മില്‍ച്ചനില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സിഗരറ്റ്, വിലകൂടിയ ആഭരണങ്ങള്‍, ഷാംപെയിന്‍ തുടങ്ങിയവ കൈപ്പറ്റിയെന്നാണ് കേസ്. ഏതാണ്ട് 18 കോടിയോളം രൂപയുടെ പാരിതോഷികങ്ങളാണ് ഈ കാലയളവില്‍ നെതന്യാഹു കൈപ്പറ്റിയത്. ഇതിന് പകരമായി നെതന്യാഹു, ഇസ്രയേല്‍ ധനവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയ മില്‍ച്ചന് നികുതി ഇളവ് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ച നെതന്യാഹു താന്‍ സുഹൃത്ത് ബന്ധത്തിന്റെ പേരിലാണ് പാരിതോഷികങ്ങള്‍ കൈപ്പറ്റിയതെന്ന് പ്രതികരിച്ചു. താന്‍ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ചില മാദ്ധ്യമങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയല്ല. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് തന്റെ രാജ്യസേവനത്തെ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൊലീസ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.നിഷേധിക്കാനാവാത്ത കുറ്റങ്ങള്‍ ചെയ്ത നെതന്യാഹുവിന് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുന്‍ ധനമന്ത്രിയും നെതന്യാഹുവിന്റെ പ്രധാന എതിരാളിയുമായ എം.കെ.യൈര്‍ ലാപിഡ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *