നിപ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജ് യാത്രായ്‌ക്ക് അവസരം നഷ്ടപ്പെട്ടേക്കും

കോഴിക്കോട് : എത്രയും വേഗം നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിയുന്നതോടെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സൗദിയില്‍ നടക്കുന്ന ഹജ്ജിന് വെറും രണ്ടര മാസം മാത്രമേ ഇനിയുള്ളൂ. അതുകൊണ്ടു തന്നെ നിപ്പ ഉടന്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ചിലപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടമായേക്കുമെന്ന ആശങ്കയാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവയ്ക്കുന്നത്.

മുന്‍പ് ഗുജറാത്തില്‍ ചില വൈറല്‍ അസുഖങ്ങള്‍ വ്യാപകമായപ്പോള്‍ അവിടെ നിന്നുള്ളവര്‍ക്ക് സൗദി ഹജ്ജിനവസരം നല്‍കിയിരുന്നില്ല. ലോക ആരോഗ്യ സംഘടന ലോക രാജ്യങ്ങള്‍ക്കെല്ലാം കേരളത്തിലെ നിപ്പയെ കുറിച്ച്‌ ഇതിനകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില രാജ്യങ്ങളിലേക്കുമുള്ള പച്ചക്കറി, പഴം കയറ്റുമതി നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.

നിപയുടെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാരെ സൂഷ്മ പരിശോധനക്കു വിധേയമാക്കാന്‍ നേരത്തെ യു.എ.ഇ അധികൃതര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇതു ലംഘൂകരിച്ചിരുന്നു. ഇന്ത്യയിലേക്കു യാത്ര ചെയ്യരുതെന്ന് ഖത്തര്‍ അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, യാത്രാവിലക്ക് സംബന്ധിച്ച്‌ സൗദിയില്‍ നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ സൗദിയുടെ ഇതുവരെയുള്ള നടപടികള്‍ പരിശോധിച്ചാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആരാധകര്‍ എത്തുന്നതിനാല്‍ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളില്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *