നാഗാ മുഖ്യമന്ത്രിയുടെ സഹായിക്കെതിരെ തീവ്രവാദക്കേസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാഗാലാന്റില്‍ മുഖ്യമന്ത്രി ടി.ആര്‍.സെലിയാംഗിന്റെ സഹായിയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തീവ്രവാദ കേസില്‍ സമന്‍സ് അയച്ചത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും ഇവിടുത്തെ രണ്ട് ജീവനക്കാര്‍ക്കുമാണ് എന്‍.ഐ.എ നോട്ടീസ് അയച്ചത്. നാഗാ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് 14 സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും വഴി വിട്ട സഹായം നല്‍കിയെന്നാണ് കേസ്.

അതേസമയം, സമാധാന നീക്കമുണ്ടാകുന്നത് വരെ നാഗാ തീവ്രവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, എന്‍.ഐ.എ നീക്കം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കി. നാഗാ പീപ്പിള്‍ ഫ്രണ്ട് നേതാവായ ടി.ആര്‍.സെലിയാംഗുമായി തെറ്റിയ ബി.ജെ.പി കഴിഞ്ഞ ആഴ്ച മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുമായി ചേര്‍ന്ന് പുതിയ സഖ്യം രൂപീകരിച്ചിരുന്നു.

ഏതാണ്ട് 15 വര്‍ഷത്തോളം നീണ്ട് നിന്ന മുന്നണി ബന്ധം ബി.ജെ.പി ഒഴിവാക്കിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് നാഗാ പീപ്പിള്‍ ഫ്രണ്ട് വക്താവ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്ബ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളും അവരുടെ ബന്ധുക്കളും ബാങ്കില്‍ നിന്ന് വലിയ തോതില്‍ പണം പിന്‍വലിച്ചത് അന്വേഷിക്കാന്‍ എന്‍.ഐ.യ്ക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, ജനുവരി 18ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലില്‍ നിരവധി തെളിവുകള്‍ കിട്ടിയെന്ന് എന്‍.ഐ.എ വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ട് നാഗാലാന്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വകമാറ്റി ചെലവഴിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അതിനാലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *