നന്ദിഗ്രാം: രണ്ടാമതും വോട്ടെണ്ണില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, മമത കോടതിയിലേക്ക്

നന്ദിഗ്രാമിൽ വോട്ടുകൾ ഒന്നുകൂടി എണ്ണണം എന്ന മമത ബാനർജിയുടെ ആവശ്യത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി സ്ഥാനാർഥിയായ സുവേന്ദു അധികാരി നന്ദിഗ്രാമിൽ വിജയിച്ചെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയാണ് മമത ബാനർജി മണ്ഢലത്തിലെ വോട്ടുകൾ ഒന്നുകൂടി എണ്ണണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നലകിയിരുന്നത്.

ഇഞ്ചോടിഞ്ചു നീണ്ട തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ 1950ൽ പരം വോട്ടുകൾക്ക് സുവേന്ദു അധികാരി വിജയിച്ചുവെന്നാണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് പുറത്തു വിടുന്ന വിവരം. എന്നാൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾക്കൊപ്പം വിവി പാറ്റ് സ്ലിപ്പുകൾ കൂടി എണ്ണിയതിന് ശേഷം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിട്ടേണിംഗ് ഓഫീസർ അറിയിക്കുന്നത്.

ഇത്തവണ 212 സീറ്റുകൾ നേടിയാണ് തൃണമൂൽ കോൺഗ്രസ്സ് സംസ്ഥാനത്ത് അതിശയകരമായ നേട്ടം കൈവരിച്ചിട്ടുള്ളത്. എന്നാൽ വോട്ടെണ്ണലിന്റെ പല റൗണ്ടുകളിലും മുന്നിട്ടു നിന്നിരുന്ന മമതയുടെ തോൽ‌വിയിൽ സംശയിക്കേണ്ടതെന്തോ ഉണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. നന്ദിഗ്രാമിലെ വോട്ടെണ്ണൽ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളക്കളി നടന്നിട്ടുണ്ടെന്ന് മമത ബാനർജിയും പറയുന്നു.

“നന്ദിഗ്രാമിലെ ജനങ്ങൾ നൽകിയ വിധി അതെന്തായാലും ഞാൻ അംഗീകരിക്കുന്നു. വലിയ വിജയങ്ങൾക്ക് നൽകേണ്ട ചെറിയൊരു ത്യാഗമായിരുന്നു നന്ദിഗ്രാം. ഞങ്ങൾ ജയിച്ചു,” മമത പറഞ്ഞു. “എന്നാൽ ചില കള്ളക്കളികൾ നടന്നതായി ഞാൻ കേൾക്കുന്നുണ്ട്, അതുകൊണ്ടു ഞാൻ ഇതിനെതിരെ കോടതിയെ സമീപിക്കും,” മമത അറിയിച്ചു.

ഒരു സംസ്ഥാനത്ത് നാലിൽ മൂന്നിടത്തും ടിഎംസി ജയിക്കുമ്പോൾ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മാത്രമായിപരാജയപ്പെടുന്നത് എങ്ങനെയാണെന്ന് പാർട്ടി മുതിർന്ന നേതാക്കൾ ചോദിക്കുന്നു. ബിജെപിക്കെതിരെ അതിശക്തമായ രീതിയിലാണ് ടിഎംസി ഇത്തവണ പ്രതിരോധം തീർത്തത്. എന്നാൽ 210-ലധികം സീറ്റ് നേടി വിജയത്തിലേക്ക് നീങ്ങുന്ന തൃണമൂലിനെ സംബന്ധിച്ചിടത്തോളം നന്ദിഗ്രാമിലേറ്റ മമതയുടെ പരാജയം ഒരു ക്ഷീണം തന്നെയാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *