നഗ്നശരീരത്തില്‍ മക്കളുടെ ചിത്രംവര; രഹ്ന ഫാത്തിമക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രഹ്ന ഫാത്തിമക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്. തന്‍റെ കുട്ടിയെവെച്ച് എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും രഹ്നയുടെ പ്രവൃത്തി നിയമലംഘനമാണെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.

‘രഹ്ന ഫാത്തിമയുടെ മുന്‍കാല ചെയ്തികളും പരിഗണിക്കണം. സ്വന്തം ശരീരത്തില്‍ കുട്ടിയെകൊണ്ട് ചിത്രം വരപ്പിച്ചത് അമ്പത്തിയൊന്നായിരം പേരാണ് കണ്ടത്. ഇത് പോക്സോ പരിധിയില്‍ വരും’, സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രഹ്നയുടെ പ്രവൃത്തി ബോഡി ആര്‍ട്ടാണെന്ന് രഹ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും ഹരജിയില്‍ വാദിക്കുന്നു. കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്നതിന്‍റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് രഹ്നയുടെ വാദം.

അതെ സമയം രഹ്ന ഫാത്തിമക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.

നേരത്തെ രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സൗത്ത് സി.ഐ കെ.ജി അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ചിത്രം വരയ്ക്കാനുപയോഗിച്ച പെയിന്‍റ്, ബ്രഷ് അടക്കമുള്ളവ സീല്‍ ചെയ്യുകയും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്‍റെ പേരില്‍ കേരള പൊലീസ് സൈബര്‍ വിഭാഗമാണ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ.ടിആക്ട് പ്രകാരവുമാണ് രഹനയ്ക്കെതിരെ കേസെടുത്തത്. ബാലവകാശ കമ്മീഷനും വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *