ദൈവത്തെ പോലെ പൂജിച്ച ട്രംപിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ഹൃദയാഘാതം: തെലങ്കാന സ്വദേശി മരിച്ചു

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ദൈവമായി കണ്ട് പൂജിച്ചിരുന്ന തെലങ്കാന സ്വദേശി ബുസ്സ കൃഷ്ണ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ട്രംപിന് കോവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ട്രംപിനും കുടുംബത്തിനും എത്രയും പെട്ടെന്ന് കോവിഡ് ഭേദമാകട്ടെയെന്ന് കണ്ണീരോടെ ആശംസിക്കുന്ന വീഡിയോ ബുസ്സ കൃഷ്ണ നേരത്തെ ഫേസ് ബുക്കില്‍ പങ്കുവെച്ചിരുന്നു. ട്രംപിന് കോവിഡ് ബാധിച്ച ശേഷം ബുസ്സ കൃഷ്ണ ശരിയായി ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്ന് ബന്ധു വിവേക് പറഞ്ഞു. തളര്‍ന്നുവീണപ്പോള്‍ ആശുപത്രിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും മരിച്ചുവെന്ന് ബന്ധു പറഞ്ഞു.

ദൈവത്തെ പോലെ പൂജിച്ച ട്രംപിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ഹൃദയാഘാതം: യുവാവ് മരിച്ചു
നാല് വര്‍ഷം മുന്‍പ് പുലര്‍ച്ചെ സ്വപ്‌നത്തില്‍ ട്രംപിനെ കണ്ടതിനു പിന്നാലെയാണ് ബുസ്സ കൃഷ്ണയുടെ ആരാധന തുടങ്ങിയത്. തുടക്കത്തില്‍ ഫോട്ടോ വെച്ചുള്ള ആരാധനയായിരുന്നു. ട്രംപിന്റെ മുഖമുള്ള ടീഷര്‍ട്ടുകള്‍ ധരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് 2 ലക്ഷം മുടക്കി ട്രംപിന്‍റെ ആറടിയുള്ള പ്രതിമ വീട്ടില്‍ സ്ഥാപിച്ചത്. ട്രംപ് ടെമ്പിള്‍ എന്ന് പേരിടുകയും ചെയ്തു.

ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നേരില്‍ കാണാന്‍ ബുസ്സ കൃഷ്ണ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം നടന്നില്ല. ബുസ്സ കൃഷ്ണയുടെ മരണം ആ ഗ്രാമത്തെ സങ്കടത്തിലാക്കി. ഞങ്ങളുടെ ട്രംപ് കൃഷ്ണ അവന്‍റെ ദൈവത്തെ ഒരു തവണ പോലും കാണാതെ യാത്രയായി എന്നാണ് ഗ്രാമമുഖ്യന്‍ വെങ്കട് ഗൌഡ പറഞ്ഞത്.തെലങ്കാനയിലെ കോന്നെ സ്വദേശിയായ ബുസ്സ കൃഷ്ണയുടെ ഭാര്യ പ്രസവത്തോടെ മരിക്കുകയായിരുന്നു. മകന്‍ അവന്‍റെ അമ്മയുടെ കുടുംബത്തോടൊപ്പമാണ്. തന്‍റെ കടുത്ത ആരാധകന്‍റെ മരണം ട്രംപ് അറിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *