ദില്ലിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കർഷകർ

ദില്ലിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കർഷകർ.സർക്കാർ ഏറ്റുമുട്ടൽ മനോഭാവം ഒഴിവാക്കണമെന്നും ആത്മാർഥമായ ചർച്ചയ്ക്ക് അവസരമുണ്ടാക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. അഖിലേന്ത്യ കിസാൻ കോർഡിനേഷൻ കമ്മിറ്റി ആണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.പഞ്ചാബ്‌, ഹരിയാന, ഉത്തർപ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽനിന്ന്‌ കർഷകർ ഡൽഹിയിൽ എത്തുന്നത്‌ തടയാൻ രണ്ട്‌ ദിവസമായി വൻസന്നാഹമാണ്‌‌‌ കേന്ദ്രആഭ്യന്തരമന്ത്രാലയവും ഹരിയാന, ഉത്തർപ്രദേശ്‌ സർക്കാരുകളും ഒരുക്കിയത്‌‌.

പഞ്ചാബ്‌ ഹരിയാന അതിർത്തിയിൽ കർഷകർനേരെ ജലപീരങ്കിയും കണ്ണീർവാതകവളം പ്രയോഗിച്ചു. ഹരിയാനയിലെ ബിജെപി സർക്കാർ കർഷകർ കടന്നുവരുന്ന വഴികളിൽ മണ്ണുനിറച്ച ടിപ്പറുകളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തിയും തടയാൻ ശ്രമിച്ചു.

കർഷക പ്രക്ഷോഭം അടിച്ചമർത്താൻ ബുധനാഴ്‌ച രാത്രിമുതൽ ഡൽഹിയിൽ പൊലീസ്‌ അറസ്റ്റ്‌ തുടങ്ങിയിരുന്നു. ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അനുവദിക്കാമെന്ന്‌ പൊലീസ്‌ നേരത്തേ സമ്മതിച്ചിരുന്നെങ്കിലും വ്യാഴാഴ്‌ച രാവിലെയോടെ പ്രദേശമാകെ പൊലീസിന്റെ ബന്തവസ്സിലാവുകയായിരുന്നു.

കര്‍ഷക പ്രക്ഷോഭം തടയാനുള്ള ബിജെപി സർക്കാരുകളുടെ സന്നാഹങ്ങളെല്ലാം അവഗണിച്ചാണ്‌ അതിശക്തമായ പ്രതിഷേധവുമായി കർഷകർ മുന്നോട്ടു പോകുന്നത്‌‌. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചും അർധസൈനികവിഭാഗങ്ങളെ വിന്യസിച്ചും കോൺക്രീറ്റ് ബാരിക്കേഡ്‌ സ്ഥാപിച്ചും കർഷകമാർച്ച്‌ തടയാൻ ശ്രമം തുടരുകയാണ്.ദില്ലിയിലെ 9 സ്റ്റേഡിയങ്ങള്‍ താൽക്കാലിക ജയിലുകളാക്കാൻ ദില്ലി പൊലീസ് അനുമതി തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ദില്ലി സർക്കാരിനെ സമീപിച്ചതായും റിപ്പോർട്ട് പുറത്ത് വരുന്നു. അര്‍ധ സെെനിക വിഭാഗത്തെ ഉപയോഗിച്ച് കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *