ദിലീപ് വീണ്ടും ‘ഫിയോക്’ പ്രസിഡന്റ്; പുറത്താക്കിയിരുന്നില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ‘ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള’ (ഫിയോക്)യുടെ തലപ്പത്തേക്ക് വീണ്ടും ദിലീപ്. നടി അക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ‘അമ്മ’യുള്‍പ്പെടെയുള്ള മറ്റ് സിനിമാസംഘടനകളുടെ നടപടിയുടെ ചുവടുപിടിച്ച് ‘ഫിയോകും’ അദ്ദേഹത്തെ പുറത്താക്കിയെന്നായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. ദിലീപിന് പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റണി പെരുമ്പാവൂരിനെയും തീരുമാനിച്ചിരുന്നു.

എന്നാല്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നില്ലെന്നും പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും സംഘടനയുടെ ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. ദിലീപ് കുറ്റക്കാരനല്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ബാക്കിയെല്ലാം കോടതി തീരുമാനിക്കട്ടെ എന്നുമാണ് സംഘടനയുടെ നിലപാട്. ദിലീപ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതോടെ ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റാവും.
തീയേറ്റര്‍ സമരത്തെത്തുടര്‍ന്ന് ക്രിസ്മസ് റിലീസുകള്‍ പ്രതിസന്ധിയിലായ സമയത്താണ് ദിലീപിന്റെ നേതൃത്വത്തില്‍ തീയേറ്ററുടമകളുടെ പുതിയ സംഘടന നിലവില്‍ വന്നത്. ദിലീപിന്റെ അറസ്റ്റിന് തലേന്ന് കൊച്ചിയില്‍ അമ്മ ജനറല്‍ ബോഡി നടന്ന ദിവസമായിരുന്നു തൊട്ടടുത്ത ഹോട്ടലില്‍ സംഘടനയുടെ ലോഗോ പ്രകാശനം. ഇതില്‍ ദിലീപിനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും കെ.ബി.ഗണേശ്കുമാറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *