ദരിദ്രര്‍ക്ക് അനുകൂല പദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ച് സിദ്ധാരാമയ്യ; എതിര്‍ക്കാന്‍ ആവനാഴിയില്‍ ആയുധങ്ങളില്ലാതെ യെദ്യൂരപ്പയും ബിജെപിയും

മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ പിണങ്ങി ബിജെപിയില്‍ നിന്ന് പുറത്തു പോയി കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചതാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കാന്‍ ഇടയാക്കിയത്. മുന്‍ സോഷ്യലിസ്റ്റും ജനകീയനുമായ സിദ്ധാരാമയ്യയെ മുഖ്യമന്ത്രിയാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
കഴിഞ്ഞ തവണ യെദ്യൂരപ്പയുടെ പിന്‍തുണയുടെ പുറത്തേറിയാണ് അധികാരത്തിലെത്തിയതെങ്കില്‍ ഇത്തവണ അതിന്റെ ആവശ്യമില്ലാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സിദ്ധാരാമയ്യ ആവിഷ്‌ക്കരിക്കുന്നത്. നേരത്തെ തന്നെ ആരംഭിച്ചിരുന്ന ജനപ്രിയ പദ്ധതികളുടെ തുടര്‍ച്ചയായി നിരവധി പദ്ധതികളാണ് സിദ്ധാരാമയ്യ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വേണ്ടി 302 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതാണ് പുതിയ നീക്കം. അന്ന ഭാഗ്യ, ക്ഷീര ഭാഗ്യ, പശു ഭാഗ്യ, ആരോഗ്യ ഭാഗ്യ, മൈത്രി, മനസ്വിനി എന്നീ പദ്ധതികള്‍ നേരത്തെ പ്രഖ്യാപിച്ചതും വന്‍ ജനപ്രീതി നേടിയതുമാണ്. മൈത്രി പദ്ധതി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ്. അധികാരത്തിലേറിയത് മുതല്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ നേതാവ് എന്ന പ്രതിശ്ചായ നിലനിര്‍ത്താന്‍ സിദ്ധാരാമയ്യ എന്ന പഴയ സോഷ്യലിസ്റ്റ് ശ്രമിച്ചിരുന്നു.

30 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതി വരുന്ന റെസിഡ്യന്‍ഷല്‍ ഫ്‌ളാറ്റുകള്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 1 ലക്ഷം രൂപക്ക് നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ പോകുന്ന പുതിയ പദ്ധതി. സംവരണം 50% ല്‍ നിന്ന് 72% ശതമാനമാക്കാന്‍ ് സിദ്ധാരാമയ്യ ശ്രമിക്കുന്നുണ്ട്. 1932നു ശേഷം 2015 കര്‍ണാടകത്തില്‍ ജാതി സെന്‍സസ് എടുത്തിരുന്നു. ഇത് പ്രകാരം പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം കൂടുതല്‍ നല്‍കുക എന്ന ഉദ്ദേശമാണ് ്സിദ്ധാരാമയ്യക്കുള്ളത്.

അടിസ്ഥാന ജനവിഭാഗത്തിന്റെ പിന്തുണ ലഭിക്കുവാന്‍ വേണ്ടി സിദ്ധാരാമയ്യ നടത്തുന്ന നീക്കങ്ങളെ ചെറുക്കാന്‍ ബിജെപിക്ക് കഴിയുന്നില്ല. യെദ്യൂരപ്പക്കെതിരെ ശക്തമായ പ്രചരണമാണ് സിദ്ധാരാമയ്യ നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *