തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യൂമന്ത്രിക്ക് കൈമാറും

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കായല്‍ കൈയേറ്റ ആരോപണങ്ങളില്‍ ആലപ്പുഴ ജില്ലാകളക്ടര്‍ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് നാളെ റവന്യൂമന്ത്രിക്ക് കൈമാറും. കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന് കൈമാറിയിരുന്നു. മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നിര്‍ണായകമാണ്.

മന്ത്രി നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ നിയമവും ഭൂസംരക്ഷണനിയമവും ലംഘിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. മാര്‍ത്താണ്ഡം കായലില്‍ ഒന്നരമീറ്ററോളം പൊതുവഴി കൈയേറിയിട്ടുണ്ടെന്നും ഇതില്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ശനിയാഴ്ച വൈകിട്ടാണ് റിപ്പോര്‍ട്ട് റവന്യൂവകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. റിപ്പോര്‍ട്ട് ഇനി റവന്യൂമന്ത്രി പരിശോധിച്ച ശേഷം ശുപാര്‍ശകളോടെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

നേരത്തെ കളക്ടര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയ നിര്‍മിച്ചിരിക്കുന്നത് വയല്‍ നികത്തിയാണെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വയല്‍ നികത്തല്‍ നടന്നത് 2014 ന് ശേഷമാണെന്നും തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പ് തോമസ് ചാണ്ടി ലംഘിച്ചുവെന്നും സെപ്തംബര്‍ 22 ന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *