തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി. ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും, അധികാരം ഇപ്പോഴും സര്‍ക്കാറിന്റെ കയ്യില്‍ത്തന്നെയാണെന്നും തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം ഭരണം പിടിച്ചെടുത്തതായി സൈന്യത്തിന്റെ ഒരു വിഭാഗം ഇപ്പോഴും അവകാശപ്പെടുന്നു. ഭരണം അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 17 സൈനികര്‍ ഉള്‍പ്പെടെയാണിത്. ഹെലികോപ്റ്റര്‍ ആക്രമണത്തിലാണ് മരണം ഏറെയും സംഭവിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു വലിയ വില നല്‍കേണ്ടിവരും. ജനങ്ങള്‍ തെരുവിലേക്കിറങ്ങി പട്ടാളത്തെ എതിര്‍ക്കണമെന്നും പ്രസിഡന്റ് ആഹ്വാനം ചെയ്തു. അട്ടിമറിക്കാന്‍ ശ്രമം നടത്തിയ 120 സൈനികരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ലെന്നും രാജ്യത്തിന്റെ അധികാരത്തിനുമേല്‍ ഒരു ശക്തിക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും താന്‍ ഇവിടെത്തന്നെയുണ്ടാകുമെന്നും എര്‍ദോഗന്‍ പറഞ്ഞു.

തുര്‍ക്കിയില്‍ ജനകീയ സര്‍ക്കാര്‍തന്നെയാണ് അധികാരത്തിലുള്ളതെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ഡിറിമും അറിയിച്ചു. അട്ടിമറി ശ്രമം നടത്തിയ പട്ടാളക്കാര്‍ പിടിച്ചെടുത്ത ഹെലികോപ്റ്റര്‍ സൈന്യം വെടിവച്ചിട്ടതായും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഔദ്യോഗിക ടിവിയുടെ സംപ്രേഷണം നിര്‍ത്തിവച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, പലതും റദ്ദാക്കി.

ഇന്നലെ അര്‍ധരാത്രിയാണു തലസ്ഥാനമായ അങ്കാറയിലും ഇസ്താംബുളിലും സൈന്യം ഭരണം കൈവശപ്പെടുത്താനുള്ള നീക്കം നടത്തിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യം, രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു.

 

Spread the love