തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി എഫ്ബിഐ മേധാവി ജെയിംസ് കോമിയാണെന്ന് കുറ്റപ്പെടുത്തി ഹില്ലരി ക്ലിന്റന്‍

തന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍) മേധാവി ജെയിംസ് കോമിയാണെന്ന് കുറ്റപ്പെടുത്തി ഹില്ലരി ക്ലിന്റന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പിലെ നിര്‍ണായകഘട്ടത്തില്‍ ഇ-മെയില്‍ വിവാദം എഫ്ബിഐ കുത്തിപ്പൊക്കിയതോടെയാണ് ചുണ്ടിനും കപ്പിനുമിടയില്‍ തനിക്ക് വിജയം നഷ്ടമായതെന്നാണ് ഹില്ലരിയുടെ ആരോപണം. തന്റെ ക്യാംപെയ്ന്‍ ഡോണേഴ്സുമായി നടത്തിയ കോണ്‍ഫറന്‍സ് കോളിനിടെയാണ് ഹില്ലരി ഇക്കാര്യം പറഞ്ഞത്.
തിരഞ്ഞെടുപ്പിന് മുന്‍പുള്ള മൂന്നാമത്തെ സംവാദം കഴിഞ്ഞപ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടായിരുന്നുഅതിനിടെയാണ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പ് അതായത് ഒക്ടോബര്‍ 28-ന് ഹില്ലരിയുടെ വിവാദ ഇ-മെയിലുകളെക്കുറിച്ച്‌ എഫ്ബിഐ അന്വേഷിക്കുന്നുണ്ടെന്ന് ജെയിംസ് കോമി യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ അറിയിക്കുന്നത്.
പിന്നീട് തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്‍പ് മെയിലുകള്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് ജെയിംസ് കോമി കോണ്‍ഗ്രസ് അംഗങ്ങളെ കത്തിലൂടെ അറിയിച്ചു. ജൂലായില്‍ നടത്തിയ മുന്‍അന്വേഷണത്തിലെ അതേ നിഗമനം തന്നെയാണ് നവംബറിലും എഫ്ബിഐ ആവര്‍ത്തിച്ചത്.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഉയര്‍ന്നു വന്ന ഈ വിവാദം വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. വീണുകിട്ടിയ അവസരം ട്രംപ് ക്യാമ്ബ് വേണ്ടവിധം ഉപയോഗിച്ചു, അതുവരെയുണ്ടായിരുന്ന എല്ലാ മുന്‍തൂക്കവും അവസാന മണിക്കൂറുകളില്‍ നഷ്ടമായി -കോണ്‍ഫറന്‍സ് കോളിനിടെ തന്റെ അനുയായികളോട് ഹില്ലരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *