ഡല്‍ഹിയില്‍ വികസനത്തിനായി മരങ്ങള്‍ മുറിക്കുന്നതിന്​ ഹൈകോടതി വിലക്ക്​

ന്യൂഡല്‍ഹി: ഭവന- വ്യാപാരസമുച്ചയ നിര്‍മാണത്തിനു വേണ്ടി ഡല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ അടുത്തവാദം കേള്‍ക്കുന്ന ജൂലായ് നാലുവരെ മരങ്ങള്‍ മുറിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. മരം മുറിക്കലിന് ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചുവോയെന്നും കോടതി ആരാഞ്ഞു.

മരങ്ങള്‍ മുറിക്കുന്നതിന് എതിരെ കെ കെ മിശ്ര എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മരങ്ങള്‍ കൂട്ടത്തോടെ മുറിക്കരുതെന്ന്‌ ആവശ്യപ്പെട്ടാണ് മിശ്ര കോടതിയെ സമീപിച്ചത്.
അതിനിടെ ഏഴുകോളനികളില്‍ ഒന്നായ സരോജിനി നഗറിലെ താമസക്കാര്‍ മരങ്ങളെ ആലിംഗനം ചെയ്തുകൊണ്ട് ചിപ്‌കോ സമരവുമായി ഞായറാഴ്ച രംഗത്തെത്തി. മരംമുറിക്കലിനെതിരെ 1970 കളില്‍ ഉത്തരാഖണ്ഡില്‍ പ്രചാരത്തിലുണ്ടായിരുന്ന സമരമാണ് ചിപ്‌കോ.

റോഡ് നിര്‍മാണത്തിനു വേണ്ടി മരങ്ങള്‍ മുറിക്കുക എന്നത് ന്യായീകരിക്കാവുന്ന കാര്യമാണ്. ഭവന നിര്‍മാണത്തിനു വേണ്ടി ആയിരക്കണക്കിന് മരങ്ങള്‍ മുറിക്കണോ- എന്‍ ബി സി സി (നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍)യോട് കോടതി ആരാഞ്ഞു. എന്‍ ബി സി സിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. മരംമുറിക്കലിനെതിരെ ഡല്‍ഹിയില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. മുറിക്കുന്ന മരങ്ങള്‍ക്കു പകരമായി മരത്തൈകള്‍ നടാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ ഡല്‍ഹി നിവാസികള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *