ജി.എസ്.ടി, നോട്ട് നിരോധനം ഗുജറാത്തില്‍ കാറ്റ് അനുകൂലമാവുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ജി.എസ്.ടിയും നോട്ട് നിരോധനവും സൃഷ്ടിച്ച പ്രതിഷേധം ഗുജറാത്തില്‍ അനുകൂല വോട്ടുകളായി മാറുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൂത്തു വാരിയ ബി.ജെ.പിക്ക് എന്‍.ഡി.എ സര്‍ക്കാറിന്റെ നയങ്ങള്‍ തിരിച്ചടിയാവുമെന്നാണ് വാര്‍ത്ത.

നഗരങ്ങളിലെ ബി.ജെ.പിയുടെ വോട്ട് ബാങ്കായ ചെറുകിട കച്ചവടക്കാരെയും മധ്യവര്‍ഗത്തിനെയും ഈ രണ്ട് തീരുമാനങ്ങളും പ്രതികൂലമായാണ് ബാധിച്ചത്. ഇത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

2012ലെ തെരഞ്ഞെടുപ്പില്‍ അഹമ്മദാബാദില്‍ 17ല്‍ 15 സീറ്റിലും സൂററ്റില്‍ 16ല്‍ 15ഉം ജയിച്ച ബി.ജെ.പി വഡോദര, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങളിലും മൃഗീയ ഭൂരിപക്ഷം നേടിയിരുന്നു.

നോട്ട് നിരോധനവും ജി.എസ്.ടിയും എന്‍.ഡി.എ സര്‍ക്കാറിന് വന്ന പിഴവുകളാണെന്ന് ജ്വല്ലറിയുടമകളുടെ സംഘടനയുടെ ചെയര്‍മാന്‍ ദിനേശ് നവതി പറയുന്നു. നോട്ട് നിരോധനത്തേക്കാള്‍ ജി.എസ്.ടിയും അത് നടപ്പിലാക്കിയ രീതിയുമാണ് ചെറുകിടക്കാരെ കാര്യമായി ബാധിച്ചത്. ഇത് വ്യവസായ മേഖലയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡയമണ്ട് മേഖല മാത്രമല്ല, വസ്ത്ര വ്യാപാര മേഖലയും ജി.എസ്.ടി വന്നതോടെ പ്രതിസന്ധിയിലായതാണ് റിപ്പോര്‍ട്ട്. ഇത്് കോണ്‍ഗ്രസിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം ഗ്രാമീണ മേഖലയില്‍ കുടിവെള്ള ക്ഷാമം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിയും വോട്ട് നേടാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *