ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുകയാണ്:ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു

ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുകയാണെന്ന് കാട്ടി ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. വീട്ടില്‍ നിന്നോ ഗ്രാമത്തില്‍ നിന്നോ പുറത്തിറങ്ങാനാകുന്നില്ലെന്നും കുടുംബം പറയുന്നു. കേസി‍ല്‍ നിരപരാധികളാണെന്ന് കാണിച്ച് പ്രതികള്‍ ജയില്‍ സൂപ്രണ്ടിന് കത്തയച്ചു. പെണ്‍കുട്ടിയെ അപകീർത്തിപ്പെടുത്തുന്നത് നിർത്തി കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെയും കേസിലെ സാക്ഷികളുടെയും സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതിയെ അറിയിക്കും മുമ്പായി യു.പി സർക്കാർ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. ഗ്രാമത്തില്‍ മൂന്ന് തട്ട് സുരക്ഷയും സ്ഥിതി പരിശോധിക്കുന്നതിന് ഉന്നത പൊലീസുകാരെയും നിയമിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ സുരക്ഷക്ക് വനിത പൊലീസുകാരടക്കം കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇതിന് പിന്നാലെയാണ് നിയമവിരുദ്ധ തടങ്കലില്‍ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് കുടുംബം അലഹബാദ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. അഖില ഭാരതീയ വാല്മീകി മഹാപഞ്ചായത്ത് സെക്രട്ടറിയെന്ന് വ്യക്തമാക്കി സുരേന്ദർ കുമാറാണ് ഹരജി നല്കിയത്.

ഇതിനിടെ കേസില്‍ നിരപരാധികളാണെന്ന അവകാശവാദവുമായി നാല് പ്രതികളും ജയില്‍ സൂപ്രണ്ടിനും അന്വേഷണ ഏജന്‍സിക്കും കത്ത് നല്‍കി. പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പ്രതിയായ സന്ദീപ് കത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിനുത്തരവാദികള്‍ കുടുംബമാണെന്നും പ്രതികള്‍ ആരോപിക്കുന്നു. കുടുംബത്തിന് സന്ദീപിനെ അറിയാമായിരുന്നു എന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍റെ പേരിലുള്ള സിമ്മില്‍ നിന്ന് പോയ കോളുകള്‍ ചൂണ്ടിക്കാട്ടി പൊലീസും പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ അപകീർത്തിപ്പെടുത്തുന്ന വിശദീകരണങ്ങള്‍ നല്കാതെ നീതി ലഭ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *