ജനുവരി 4ന് വീണ്ടും ചര്‍ച്ച; തിങ്കളാഴ്ച വരെ കർഷകർ പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നിൽക്കും

പുതിയ കാർഷിക നിയമത്തിനെതിരെ സമരം തുടരുന്ന കർഷകരുമായി ജനുവരി 4ന് കേന്ദ്ര സർക്കാർ വീണ്ടും ചർച്ച നടത്തും. കർഷകർ മുന്നോട്ട് വെച്ച ചില കാര്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ തിങ്കളാഴ്ച വരെ കർഷകർ പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നിൽക്കും.

കേന്ദ്രസർക്കാരുമായി ഇന്നലെ നടന്ന ചർച്ച ഭാഗികമായി വിജയിച്ചെന്നാണ് കർഷക നേതാക്കൾ പറയുന്നത്. കർഷകർ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രസർക്കാർ അംഗീകരിച്ചു. വൈദ്യുതി ഭേദഗതി ബിൽ 2020ന്‍റെ കരട് പിൻ പിൻവലിക്കാനും, കാർഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓർഡിനൻസിൽ മാറ്റം വരുത്താനുമാണ് കേന്ദ്രസർക്കാർ സമ്മതിച്ചത്. എന്നാൽ കാർഷിക പരിഷ്ക്കരണ നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് കേന്ദ്രം ആവർത്തിച്ചു. നിയമം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്. താങ്ങുവില നിയമപരമാക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിൻ മേൽ വീണ്ടും ചർച്ച നടത്താമെന്ന ധാരണയിലാണ് കഴിഞ്ഞ ദിവസം കർഷക സംഘടന നേതാക്കളും സർക്കാരും പിരിഞ്ഞത്.

നാലാം തിയതി ചർച്ചയുള്ളതിനാൽ ഇന്ന് അതിർത്തികളിൽ നടത്താനിരുന്ന ട്രാക്ടർ റാലി കർഷകർ വേണ്ടെന്ന് വെച്ചു. ഡൽഹിയിലെ കടുത്ത ശൈത്യം കണക്കിലെടുത്ത് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സമരവേദികളിൽ നിന്ന് വീടുകളിലേക്ക് തിരികെ അയക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ അടക്കം ഭാവി പരിപാടികൾ കർഷക നേതാക്കൾ ചർച്ച ചെയ്ത് തീരുമാനിക്കും. അതേ സമയം ഹരിയാനയിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി – ജെ.ജെ.പി സഖ്യത്തിന് തിരിച്ചടി ഉണ്ടായി. അംബാല, സോണിപത്ത് എന്നിവിടങ്ങളിൽ മേയർ സ്ഥാനം നഷ്ടമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *