ചെല്‍‌സിയെ തകര്‍ത്ത് ലെസ്റ്റര്‍ ഒന്നാമത്; ലീഗില്‍ ഇ‍ഞ്ചോടിഞ്ച് പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ പരാജയപ്പെടുത്തി ലെസ്റ്റര്‍ സിറ്റി ഒന്നാമത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റി വമ്പന്മാരെ പരാജയപ്പെടുത്തിയത്. വില്‍ഫ്രഡ് നദീദിയും ജെയിംസ് മാഡിസണുമാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്. അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയുമായി ദയനീയ പ്രകടനം കാഴ്ച്ചവെച്ച ചെല്‍സി ലീഗില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സീസണിന്‍റെ തുടക്കത്തില്‍ ലാംപാര്‍ഡിന്‍റെ നേതൃത്വത്തില്‍ ചെല്‍സി മനോഹര ഫോമിലായിരുന്നു. തുടര്‍ച്ചയായി 9 മത്സരങ്ങള്‍ പരാജയം രുചിക്കാതെ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നീലപ്പട ലീഗ് ഫേവറേറ്റുകളാവാന്‍ സാധ്യതയുണ്ടെന്ന് ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പ് പറയുകയും ചെയ്തിരുന്നു.

”ഈ നിമിഷത്തില്‍ പ്രീമിയര്‍ ലീഗ് കിരീടത്തിന് സാധ്യത ചെല്‍സിക്കാണ്. അവര്‍ക്ക് വമ്പന്‍നിരയുണ്ട്. മികച്ച കളിക്കാരുണ്ട്, മനോഹര കളിയാണ് അവര്‍ കാഴ്ച്ചവെക്കുന്നതെന്നും ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ നിലവില്‍ അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയും ഏറ്റുവാങ്ങി ലീഗില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് ചെല്‍സി. നിലവില്‍ 19 മത്സരത്തില്‍ നിന്നും 29 പോയന്‍റാണ് ചെല്‍സിക്കുള്ളത്.തുടക്കത്തില്‍ തന്നെ ഫോം നിലനിര്‍ത്തിപോന്ന ലെസ്റ്റര്‍ സിറ്റി 19 മത്സരങ്ങളില്‍ നിന്നും 12 വിജയവുമായി 38 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഒരൊറ്റ പോയന്‍റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തൊട്ടുപിന്നാലെയുണ്ട്.

ലെസ്റ്ററിനേക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ച സിറ്റി 35 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ 18 മത്സരത്തില്‍ നിന്നും 34 പോയന്‍റുമായി നാലാം സ്ഥാനത്താണ്. 33 പോയന്‍റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തും 32 പോയന്‍റുമായി എവര്‍ട്ടനും വെസ്റ്റ് ഹാമും ആറും ഏഴും സ്ഥാനത്തുമാണ്.

ഏകദേശം പകുതി മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ലീഗില്‍ മത്സരം കനക്കുകയാണ്. കാലങ്ങള്‍ക്ക് ശേഷമുള്ള യുണൈറ്റഡിന്‍റെ തിരിച്ചുവരവും ലെസ്റ്ററിന്‍റെ മുന്നേറ്റവും പെപ്പിന്‍റെയും ക്ലോപ്പിന്‍റെയും നീക്കങ്ങളും എല്ലാം കായിക പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *