ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമങ്ങള്‍ ബോധപൂര്‍വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.

സമൂഹത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത തടയണം എന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ വ്യാജവാര്‍ത്തകള്‍ സമൂഹത്തെ ആകമാനം ബാധിക്കുന്ന ഒന്നാണെന്ന തിരിച്ചറിവ് ഉണ്ടാകണം. ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന ഒന്നാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ നല്‍കുന്ന വേളയില്‍ ഏത് മാധ്യമത്തിനായാലും അബദ്ധങ്ങള്‍ സംഭവിക്കാം. തെറ്റ് പറ്റാം. പക്ഷേ തെറ്റ് പറ്റിയാല്‍ മാധ്യമങ്ങള്‍ക്ക് അത് തിരുത്താന്‍ ബാധ്യതയുണ്ട്. എന്നാല്‍ ചില മാധ്യമങ്ങള്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്താനേ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബോധപൂര്‍വം വ്യാജ വാര്‍ത്തകള്‍ ചമച്ച്‌ അത് പ്രചരിപ്പിക്കുന്നതിനെയാണ് വ്യാജവാര്‍ത്തകളെന്ന് പറയുക. മുഖ്യധാരാ മാധ്യമങ്ങളാണ് സമൂഹത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കുന്നത്. വ്യാജവാര്‍ത്തകളുടെ കാര്യത്തില്‍ അവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വളരെ ഗൗരവമായി കാണണം. വ്യാജവാര്‍ത്തകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങളുണ്ടായിട്ടുമുണ്ട്. എല്ലാ മാധ്യമങ്ങളും വ്യാജവാര്‍ത്തകള്‍ക്കെതിരായ നടപടികളില്‍ സഹകരിക്കണം. മാധ്യമ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തില്‍ ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *