ചായ എങ്ങനെ ആരോഗ്യകരമാക്കാം……

ചായ എന്നത് നമ്മില്‍ പലര്‍ക്കും ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. അത് സാധാരണ ചായയോ ടീ ബാഗ് ഉപയോഗിച്ചുള്ളതോ അല്ലെങ്കില്‍ പോട്ട് ടീയോ ആകട്ടെ, നമ്മെ സംബന്ധിച്ചിടത്തോളം ചായ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഒരാള്‍ക്ക് തന്റെ ഇഷ്ടമനുസരിച്ച്‌ മസാല ചായയോ ഇഞ്ചി ചായയോ പോലെ വ്യത്യസ്ത രുചികളും തേടാവുന്നതാണ്. എന്നാല്‍, നിങ്ങളുടെ ചായ എങ്ങനെ ആരോഗ്യദായകമാക്കാമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇനി പറയുന്നവ ചേര്‍ത്താല്‍ നിങ്ങള്‍ക്ക് ചായയെ ഒരു ആരോഗ്യപാനീയമാക്കാം;

ഇഞ്ചി, നാരങ്ങ, തേന്‍, തുളസി (Ginger, Lemon, Honey and Tulsi)ഈ മിശ്രിതം ചായയില്‍ ചേര്‍ത്തു കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനു സഹായിക്കും. കാലാവസ്ഥ മാറുന്ന അവസരത്തില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളെ അതിജീവിക്കുന്നതിനും ഇത് സഹായിക്കും.

നിര്‍ദേശങ്ങള്‍: തിളയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഇഞ്ചി ചതച്ചതും ഒരു കൈ നിറയെ തുളസിയിലയും ചേര്‍ക്കുക. ഇതിലേക്ക് തേയില ചേര്‍ത്ത ശേഷം നന്നായി തിളയ്ക്കാന്‍ അനുവദിക്കുക. ചായക്കപ്പില്‍ ഓരോ ടീസ്പൂണ്‍ വീതം തേനും നാരങ്ങാനീരും ചേര്‍ക്കുക. ഇനി ഇത് ചായ കപ്പിലേക്ക് പകരാം, ഇതാ ആരോഗ്യദായകമായ ചായ റെഡി!

നീര്‍മരുത് ( Terminalia arjuna Powder)ചായ സ്വയമേതന്നെ ഒരു നിരോക്സീകാരിയാണ്, അത് കൊളസ്ട്രോള്‍ നില കുറയ്ക്കാനും സഹായിക്കുന്നു നീര്‍മരുതിന്റെ തൊലി ഉണക്കിപ്പൊടിച്ചതു ചേര്‍ക്കുന്നത് ചായയുടെ ഈ ഗുണത്തെ വര്‍ദ്ധിപ്പിക്കുന്നു.

നിര്‍ദേശങ്ങള്‍: തിളയ്ക്കുന്ന ചായയില്‍ ഒരു നുള്ള് നീര്‍മരുതിന്റെ പൊടി ചേര്‍ത്ത് ഉപയോഗിക്കുക.

കറുവാപ്പട്ടയും തുളസിയും (Cinnamon and Tulsi Leaves)രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണനിലയില്‍ ആക്കുന്നതിന് വെറും വയറ്റില്‍ കറുവാപ്പട്ട ചായ കുടിക്കുന്നത് സഹായിക്കും.

നിര്‍ദേശങ്ങള്‍: തിളയ്ക്കുന്ന വെള്ളത്തില്‍ തേയിലയ്ക്കൊപ്പം ഒരു ടീസ്പൂണ്‍ കറുവാപ്പട്ട പൊടിയും ഏതാനും തുളസിയിലകളും ചേര്‍ക്കുക. ഇവ ചേര്‍ത്ത ശേഷം10 മിനിറ്റ് സമയം കൂടി തിളപ്പിച്ചാല്‍ ആരോഗ്യദായകമായ ചായ ആസ്വദിക്കാം.

പാല്‍, കറുത്ത ഏലയ്ക്കാപ്പൊടി, ഇഞ്ചി, കറുവാപ്പട്ട പൊടി (Milk, Black Cardamom Powder, Ginger and Green Cardamom Powder)മഴയുള്ള ദിവസം ശരീരത്തിനു സുഖം പകരാന്‍ ഒരു കപ്പ് മസാല ചായയ്ക്ക് കഴിയും.

നിര്‍ദേശങ്ങള്‍: പാലും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക്, തേയിലയും ഒരു സ്പൂണ്‍ പഞ്ചസാരയും ഇഞ്ചിയും കറുത്ത ഏലയ്ക്കായുടെയും കറുവാപ്പട്ടയുടെയും പൊടിയും ചേര്‍ക്കുക. വെള്ളം പകുതിയാകുന്നതു വരെ തിളയ്ക്കാന്‍ അനുവദിക്കുക. ഇനി രസകരവും ഔഷധഗുണമുള്ളതുമായ മസാല ചായ കപ്പിലേക്ക് പകര്‍ന്ന് ആസ്വദിക്കാം.

പുതിനയും നാരങ്ങയും (Mint and Lemon)ജലദോഷത്തിനും തൊണ്ടവേദനയ്ക്കും നല്ലൊരു മരുന്നാണ് പുതിന. ഊര്‍ജ്ജ്വസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും നാരങ്ങ സഹായിക്കും.

നിര്‍ദേശങ്ങള്‍: തിളയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ചായപ്പൊടി ചേര്‍ക്കുക. ഒരു ഗ്ളാസില്‍ ഏതാനും പുതിനയിലയും നാരങ്ങാനീരും എടുക്കുക. ഇതിലേക്ക് തയ്യാറാക്കിയ ചായ ചേര്‍ക്കുക. വേണമെങ്കില്‍ അല്‍പ്പം തേനും ചേര്‍ക്കാം.

അങ്ങനെ ചായയെ വെറുമൊരു പാനീയം എന്നതിനുപരി, നിങ്ങളുടെ മൂഡിനും ആവശ്യത്തിനും അനുസൃതമായ ഔഷധഗുണമുള്ള പാനീയമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് മനസ്സിലായല്ലോ. ചായയില്‍ ചില ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്താല്‍, ചുമ, ജലദോഷം, ദഹനപ്രശ്നങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധപാനീയമായി മാറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *