ചരിത്രത്തിലാദ്യം; ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു

മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ തുറന്നു. ഇതോടെ സെക്കൻഡിൽ 3,50,000 ലക്ഷം ലീറ്റർ വെള്ളം പുറത്തേക്കുപോകും. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്.

നിലവില്‍ 2401.60 അടിയാണ് ജലനിരപ്പ്. ഇന്നലെ അര്‍ധരാത്രി ഇത് 2400.38 അടിയായിരുന്നു.

ഇനിയും ജലനിരപ്പ് കുറഞ്ഞില്ലെങ്കില്‍ അഞ്ചാമത്തേതും അവസാനത്തേതുമായ ഷട്ടറും തുറക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നത്. തീരത്തുള്ളവര്‍ നിര്‍ബന്ധമായും ക്യാംപുകളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാലാമത്തെ ഷട്ടറും തുറന്നതോടെ ചെറുതോണി ടൌണില്‍ വെള്ളം കയറിതുടങ്ങി. പട്ടണത്തിന്‍റെ റോഡിന്‍റെ വശങ്ങളെല്ലാം വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കില്‍ തകര്‍ന്നു.

ഡാമിന്‍റ നാലു ഷട്ടറുകളും തുറന്ന സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴികളിലും വെള്ളം ഉയരും. ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു.എന്നാല്‍ വൃഷ്ടിപ്രദേശത്തുണ്ടായ മഴ കാരണം കനത്ത നീരൊഴുക്കാണ് ഇടുക്കി ഡാമിലേക്ക് പിന്നീട് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കര വ്യോമ നാവിക സേനകളുടേയും എന്‍ ഡി ആര്‍ എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് വിലയിരുത്തി.

അതിനിടെ, ഇടമലയാറിൽനിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു കുറച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഉച്ചയ്ക്ക് അടയ്ക്കും.

അതിനിടെ തെന്മല ഡാമില്‍ ജലനിരപ്പ് 115.603 ആയി ഉയര്‍ന്നു. ഇപ്പോള്‍ മൂന്നു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വീണ്ടും വര്‍ധിപ്പിക്കും. ഷട്ടറുകള്‍ പരമാവധി ഉയര്‍ത്താവുന്നത് 12 അടിയാണ്.

ഓഖി ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 7 അടി ഉയര്‍ത്തിയിരുന്നു. തെന്മല ഉറുകുന്ന് നേതാജി പഞ്ചായത്ത് റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. കൊല്ലം ചിറക്കര വില്ലേജില്‍ മണ്ണ് ഇടിഞ്ഞ് വീഴാന്‍ സാധ്യതയുളള നാല് വീടുകളില്‍ മൂന്നു വീടുകളിലുള്ളവരെ (ആകെ 9 പേര്‍) ചിറക്കര പഞ്ചായത്ത് വക പകല്‍വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *