ചരക്ക് സേവന നികുതി ബില്‍: സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന്

ചരക്ക് സേവന നികുതി ബില്ല് രാജ്യസഭയില്‍ വെക്കുന്നത് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന്. ബില്ലില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേഗഗതികളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി യോഗത്തില്‍ ആരായും. യോഗം ജിഎസ്ടി ഉന്നതാധികാര സമതി ചെയര്‍മാന്‍ അമിത് മിശ്രയുടെ അധ്യക്ഷതയില്‍. യോഗത്തില്‍ കേരള ധനമന്ത്രി തോമസ് ഐസകും പങ്കെടുക്കും.

ചരക്ക് സേവന നികുതി ബില്‍ പാസാക്കാനായി ഈ ആഴ്ച തന്നെ രാജ്യസഭയില്‍ വക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ബില്ലില്‍ കോണ്‍ഗ്രസ്സ് ചില ഭേദഗതികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഒപ്പം കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന ജി എസ് ടി ഉന്നത തല സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയുമുണ്ടാകും.

ജിഎസ്ടി വഴി ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ വിഭജിക്കും, നികുതിപിരിവ് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി നിയന്ത്രിക്കുന്നതെങ്ങനെ എന്നീ കാര്യങ്ങളിലാണ് കഴിഞ്ഞ തവണ ചര്‍ച്ച നടന്നത്. ചരക്ക് സേവന നികുതിയുടെ പരിധി 18 ശതമാനം എന്നത് ഭരണ ഘടന ഭേദഗതി ബില്ലില്‍ എഴുതി ചേര്‍ക്കണമെന്ന ആവശ്യത്തില്‍ കടുപിടുത്തം വേണ്ടന്നാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്‍റെ മറ്റു പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാനാണ് സാധ്യത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *