ഗതാഗത മേഖലയിലെ അത്ഭുതവും ആവേശവുമായ കൊച്ചി മെട്രോയ്ക്ക് ഇന്ന് പിറന്നാള്‍ ദിനം

കൊച്ചി: സംസ്ഥാനത്തിന്റെ ഗതാഗത മേഖലയില്‍ അത്ഭുതമായി മാറിയ കൊച്ചി മെട്രോ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. പ്രവര്‍ത്തന ചിലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് രണ്ടാം വര്‍ഷത്തില്‍ മെട്രോ നേട്ടമായി ഉയര്‍ത്തുന്നത്. തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടവും, ജലമെട്രോയുമാണ് മൂന്നാം വര്‍ഷത്തില്‍ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത്.ഉദ്ഘാടനം ദിവസം മുതല്‍ ഇന്ന് വരെ കൊച്ചി മെട്രോയില്‍ യാത്രക്കാരായത് 2 കോടി 58 ലക്ഷം പേരാണ്. ടിക്കറ്റ് വരുമാനം 83 കോടി രൂപ. ടിക്കറ്റ് ഇതര വരുമാനം 68 കോടി രൂപ. പ്രതിദിനം ശരാശരി 40,000 യാത്രക്കാര്‍. വാരാന്ത്യം ഈ സംഖ്യ 45,000 വരെയെത്തും. ഡിഎംആര്‍സിയാണ് ഇത് വരെയുള്ള നിര്‍മ്മാണങ്ങളുടെ ചുമതല. എന്നാല്‍ തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ നിര്‍മ്മാണം മുതല്‍ കെഎംആര്‍എല്‍ നേരിട്ട് ഏറ്റെടുക്കും.

മെട്രോയുടെനഗരശൃംഖല വ്യാപിപ്പിച്ച്‌ കൂടുതല്‍ ജനങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ ഇന്ന് . ആദ്യഘട്ടത്തിലെ തൈക്കൂടം വരെയുള്ള ഭാഗം ഓഗസ്റ്റ് പകുതിയോടെ ഗതാഗത യോഗ്യമാകും. പേട്ടയിലേക്ക് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര അനുമതി ലഭിച്ചാല്‍ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിനും വേഗമേറും. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തില്‍ വാട്ടര്‍ മെട്രോ കൂടി സര്‍വ്വീസ് തുടങ്ങിയാല്‍ മെട്രോ കൂടുതല്‍ ജനപ്രീതി നേടുമെന്നതുറപ്പാണ്. കൊച്ചി കാണാന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മെട്രോ ഏറെ ഗുണകരമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *