കോവിഡ് വ്യാപനം രൂക്ഷം:മഞ്ചേരി മാർക്കറ്റ് അടച്ചു

മഞ്ചേരി മാർക്കറ്റ് കേന്ദ്രീകരിച്ചു കോവിഡ് വ്യാപനം രൂക്ഷം. വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ മാർക്കറ്റിലെ 70 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മാർക്കറ്റിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്. മാർക്കറ്റ് താൽക്കാലികമായി അടച്ചു.

കഴിഞ്ഞ ദിവസം മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് 70 പേർക്ക് കോവിഡ് പോസിറ്റീവായത്. മാർക്കറ്റിൽ നിന്നും 300ന് മുകളിൽ സാമ്പിൾ ശേഖരിച്ചിരുന്നു. കോവിഡ് സമ്പർക്ക വ്യാപനമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാർക്കറ്റിലെ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഉൾപ്പെടെ വലിയ തോതിൽ രോഗം സ്ഥിരീകരിച്ചത്. ശേഖരിച്ച സ്രവ സാമ്പിളുകളിൽ പരിശോധന ഫലം ഇനിയും പുറത്തുവരാനുണ്ട്.

നേരത്തെ മാർക്കറ്റിൽ മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ലക്ഷണം കണ്ടതോടെ തന്നെ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ചില വ്യാപാരികൾ ലക്ഷണമുണ്ടായിട്ടും വിവരമറിയിക്കാതെ മറച്ചുവെച്ചുവെന്നും ആക്ഷേപമുയരുന്നുണ്ട് . ഇത് വലിയ തോതിൽ സമ്പർക്കത്തിനിടയാക്കിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തൽ.

തുടർന്ന് മാർക്കറ്റിൽ ലക്ഷണമുള്ളവർക്ക് മാത്രം പരിശോധന നടത്തി. 19 പേരുടെ സാമ്പിൾ ശേഖരിച്ചതിൽ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് മാർക്കറ്റിലെ മുഴുവൻ പേർക്കും പരിശോധന നടത്താനായി ക്യാമ്പ് നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ മാർക്കറ്റ് താല്ക്കാലികമായി അടച്ചു.

മാർക്കറ്റിലെത്തിയ പച്ചക്കറികളുൾപ്പെടെയുള്ള സാധനങ്ങൾ വ്യാപാരികൾ മറ്റിടങ്ങളിലേക്കും വീടുകളിലേക്കുമായി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മാർക്കറ്റിലെത്തിയ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *