കോവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാനായി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

കോവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാനായി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ഒഴിവുകള്‍ മുഴുവന്‍ അടിയന്തരമായി പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 1000 ആളുകള്‍ക്ക് അഞ്ച് എന്ന തോതില്‍ കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കാനായി ലോക്ക്ഡൗണിന്‌ മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കോവിഡ് തകര്‍ത്തു. ഈ സാഹചര്യത്തിലാണ് 100 ദിനം കൊണ്ട് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി മാത്രം 18,600 പേര്‍ക്ക് തൊഴില്‍ നല്‍കും. വ്യവസായ വകുപ്പിന് കീഴില്‍ നിക്ഷേപ സബ്സിഡിക്കായി കെട്ടിക്കിടക്കുന്ന 416 അപേക്ഷകളില്‍ ഉടന്‍ തീരുമാനം എടുക്കും. ഇതിലൂടെ മാത്രം 4600 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഐടി പാര്‍ക്കുകള്‍, സ്റ്റാര്‍ട്ട് അപ് എന്നിവിടങ്ങളിലൂടെ മാത്രം 2500 തൊഴില്‍ അവസരങ്ങളാണ് ലക്ഷ്യമിടുന്നത്. സഹകരണ മേഖല വഴി 17,500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ സംരംഭക പ്രോത്സാഹനത്തിന് പണമില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് കേരളാ ബാങ്ക് വഴി റീ ഫിനാന്‍സ് ചെയ്യും.

കുടുംബശ്രീ 15,441 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായി സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ഇത്തരത്തില്‍ വലിയ രീതിയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സാമ്പത്തിക മാന്ദ്യത്തെ കൂടി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം

Spread the love

Leave a Reply

Your email address will not be published. Required fields are marked *