കോവിഡ് മാനദണ്ഡം ലംഘിക്കരുത് ; സമരം ചെയ്താല്‍ കടുത്ത നടപടി

കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച്‌ സമരം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു െഹെക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

പൊതുസ്ഥലത്തു കൂട്ടംകൂടിയുള്ള പ്രതിഷേധങ്ങളും പ്രകടനങ്ങളും വിലക്കിക്കൊണ്ട് െഹെക്കോടതി ജൂെലെ 15-ന് ഉത്തരവിട്ടിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് വിഷയത്തില്‍ നടക്കുന്ന സമരങ്ങള്‍ കോവിഡ് വ്യാപനം തടയുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി അഡ്വ. ജോണ്‍ നുമ്ബേലിയും മറ്റും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു ഉത്തരവ്. ജൂെലെ 31 വരെ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി പിന്നീടു നീട്ടി.

ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ഈ ഉത്തരവിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി അഡ്വ. ജോണ്‍ നുമ്ബേലിയും മറ്റും സമര്‍പ്പിച്ച ഇടക്കാല ഹര്‍ജിയിലാണ് സമരക്കാര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാകാമെന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. വ്യാപകമായി സമരങ്ങള്‍ നടക്കുന്നതിനാല്‍ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതു പ്രായോഗികമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്തു കേസില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കോടതിയുത്തരവ് അവഗണിച്ചാണു സമരം നടത്തുന്നതെന്ന് ഇടക്കാല ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വെഞ്ഞാറമൂട്ടില്‍ രണ്ടു ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു നടത്തിയ പരിപാടികളും കോടതിയുത്തരവ് മാനിക്കാതെയായിരുന്നെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ എതിര്‍കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ യു.ഡി.എഫിനു വേണ്ടി അഭിഭാഷകന്‍ ഇന്നലെ ഹാജരായി. കര്‍ശന നടപടിയെടുക്കുന്നുണ്ടെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, പ്രതിഷേധങ്ങള്‍ക്കെതിരേ പോലീസിന്റെ നടപടി അതിരുവിടുകയാണെന്നു യു.ഡി.എഫ്. പരാതിപ്പെട്ടു.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായി വിവിധ പ്രതിപക്ഷ സംഘടനകള്‍ ഒരാഴ്ചയായി ശക്തമായ സമരത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *