കോവിഡില്‍ സര്‍ക്കാരിന് വരുമാനമുണ്ടാക്കാന്‍ മദ്യം വീട്ടിലെത്തിക്കാം, അംഗത്വ ഫീസ് ഈടാക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കോവിഡ് പശ്ചാത്തലത്തില്‍ വരുമാനമുണ്ടാക്കാന്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കുന്നു. അംഗത്വഫീസ് നല്‍കുന്നവര്‍ക്കു മാത്രമേ ഈ സൗകര്യം പാടുള്ളൂ. പത്തുവര്‍ഷംകൊണ്ട് ഇതിലൂടെ സര്‍ക്കാരിന് പ്രതീക്ഷിക്കാവുന്നത് 3744 കോടി രൂപയാണത്രേ…മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ വിദഗ്ധസമിതിയുടേയാണ് ശുപാര്‍ശ.

പെട്രോള്‍, ഡീസല്‍ നികുതിഘടന മാറ്റണമെന്നും മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി 50 ശതമാനം വര്‍ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.

മദ്യത്തിന്റെ ഹോം ഡെലിവറി സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാമെന്ന് സുപ്രീംകോടതി മേയില്‍ വിധിച്ചിട്ടുണ്ട്. മദ്യശാലകളിലെ തിരക്ക് കുറയ്ക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ഉദ്ദേശിച്ചാണ് വിധി. ഇത് പുതിയൊരു വരുമാനമാര്‍ഗമായി സമിതി വിലയിരുത്തുന്നു.

ഇതിനായി സാധാ അംഗത്വം 100, മുന്തിയത് 500 എന്നിങ്ങനെ ഈടാക്കണമെന്നാണ് സമിതി ശുപാര്‍ശ. കേരളത്തില്‍ 40 ലക്ഷം പേര്‍ മദ്യപിക്കുന്നെന്നാണ് സമിതി വിലയിരുത്തല്‍. ഇതില്‍ 30 ശതമാനംപേര്‍ വാതില്‍പ്പടി വിതരണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അംഗത്വ ഫീസ് വാര്‍ഷികമോ അല്ലെങ്കില്‍ പത്തുവര്‍ഷത്തേക്ക് ഒരുമിച്ചോ ഫീസ് നല്‍കാം. സാധാ അംഗങ്ങള്‍ക്ക് ഫീസ് മാസം നൂറു രൂപ. കൂടുതല്‍ സൗകര്യങ്ങളുള്ള മുന്തിയ അംഗത്വത്തിന് 500 രൂപ. ഇതിന് 18 ശതമാനം ജി.എസ്.ടി.യും നല്‍കണം. ഏജന്‍സിക്ക് ഡെലിവറി ചാര്‍ജ് വേറെ നല്‍കണം. ബിവറേജസ് കോര്‍പറേഷനെ നടത്തിപ്പു ചുമതല ഏല്‍പ്പിക്കണം.

ഇതിനുപുറമേ, എക്സൈസ് ഡ്യൂട്ടിയും വില്‍പ്പന നികുതിയും 50 ശതമാനം കൂട്ടുകകൂടി ചെയ്താല്‍ വര്‍ഷംതോറും 6542 കോടി അധികം കിട്ടും.

സമിതി ശുപാര്‍ശ ചെയ്യുന്ന പ്രതീക്ഷിക്കുന്ന അധികവരുമാനങ്ങള്‍ ഇവയൊക്കെ…; പെട്രോള്‍, ഡീസല്‍ നികുതി 2086 കോടി, കോവിഡ് ഫണ്ട് 3675 കോടി,
മദ്യം-നികുതി വര്‍ധന, ഹോം ഡെലിവറി 6542 കോടി, ഭൂമിയുടെ ന്യായവില വര്‍ധന 700 കോടി,ലോട്ടറി വില്‍പ്പന കൂടുമ്ബോള്‍ 200 കോടി,
ആശുപത്രി, വിദ്യാഭ്യാസ ഫീസ് 300 കോടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *