കോഴിക്കോട് കോവിഡ് പരിശോധനക്കായി ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പ്

കോവിഡ് പരിശോധനക്ക് വേണ്ടി കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പ്. ആത്മഹത്യ ചെയ്ത കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെള്ളയില്‍ പ്രദേശത്ത് ഇന്ന് ക്യാമ്പ് തുടങ്ങുന്നത്. ഒരു വാര്‍ഡില്‍ നിന്ന് 300 പേരുടെ സാമ്പിളുകളാണ് ശേഖരിക്കുക. ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച കല്ലായിലുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളുടെയും പ്രദേശത്തുള്ളവരുടേയും സ്രവം ശേഖരിച്ചിട്ടുണ്ട്.

പുതുതായി പ്രഖ്യാപിച്ച കണ്ടെയ്മെന്‍റ് സോണുകളിലെ 1000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വെള്ളയില്‍, ചക്കുംകടവ്, മൂന്നാലുങ്കല്‍‌ വാര്‍ഡുകളിലേയും ഒളവണ്ണ പഞ്ചായത്തിലെ 19 വാര്‍ഡിലേയും ആളുകളുടെ സ്രവം എടുക്കുന്നതിന് വേണ്ടിയാണ് ഇന്ന് ക്യാമ്പ് തുറക്കുക. പരിശോധനകള്‍ നാളെയും തുടരും. ആത്മഹത്യ ചെയ്തയാള്‍ അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനായതുകൊണ്ട് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന. കൃഷ്ണന്‍റെ ഉറവിടത്തെക്കുറിച്ച് വ്യക്തതയില്ലാത്തതും ആശങ്കക്ക് കാരണമാണ്.

ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭണിയുടെ വീട്ടുകാരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു. പ്രദേശത്തുള്ള കുറച്ചാളുകളെ കൂടി കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *