കോടിമതയില്‍ വാട്ടര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു; കോട്ടയത്തിന്റെ വിനോദസഞ്ചാരത്തിന് പുതിയ മുഖം

കോട്ടയം: ചിങ്ങം ഒന്ന് മുതല്‍ കോട്ടയത്തിന്റെ സായാഹ്നങ്ങള്‍ കോടിമതയില്‍ ചെലവിടാം. കൊടൂരാറ്റില്‍ നിന്നുള്ള ഇളംതെന്നലേറ്റ് നദീതീരത്തൊരു കാല്‍നടയാത്ര. 450 മീറ്ററിലെ നടപ്പാതയില്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് നുണയാന്‍ ഐസ്‌ക്രീമും ചോക്കലേറ്റും. പിന്നെ ശ്വാസമടക്കി കാണാന്‍ റിവര്‍ ക്രോസിങ്, യാത്ര ചെയ്യാന്‍ വാട്ടര്‍ സോര്‍ജും ബനാനാ റൈഡും. ഇങ്ങനെ ഒരുപിടി വിനോദപരിപാടികളാണ് കോടിമതയില്‍ ഒരുക്കിയിരിക്കുന്നത്. ഒരു കോടി 42 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്.
വാട്ടര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിച്ചു. വിനോദസഞ്ചാര സാധ്യതകള്‍ കണ്ടെത്തുന്ന പദ്ധതികള്‍ക്ക് വകുപ്പിന്റെ പിന്തുണ അദ്ദേഹം അറിയിച്ചു. പരുത്തുംപാറയിലെ കളത്തൂക്കടവിലെ പദ്ധതിയും കച്ചേരിപ്പടിയിലെ വാട്ടര്‍ ഹബ്ബും ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ യു.വി.ജോസ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കോട്ടയം നഗരസഭാ അധ്യക്ഷന്‍ കെ.ആര്‍.ജി.വാര്യര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ജോസഫ്, കില ചെയര്‍മാന്‍ ഫിലിപ്പ് ജോസഫ്, ഡി.ടി.പി.സി. സെക്രട്ടറി ജിജു ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *