കേര‍‍ളാ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭ്യ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനേയും വൈസ്‌ പ്രസിഡന്റായി എം കെ കണ്ണനേയും തെരഞ്ഞെടുത്തു.കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ബാങ്ക്‌ ആസ്ഥാനത്താണ്‌ ചുമതലയേറ്റത്‌. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ ടി എം തോമസ്‌ ഐസക്‌, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു. കേരള ബാങ്കിൽ നിന്ന്‌ വിട്ടുനിൽക്കുന്ന മലപ്പുറം കേരളബാങ്കിൽ ചേരണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ സഹകരികൾ ആകെ സന്തോഷിക്കുന്ന ദിനമാണിതെന്നും നിർഭാഗ്യവശാൽ ഒരു ജില്ല മാറി നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ബാങ്ക് യാഥാർത്ഥ്യമായതിനാൽ ഏറെ നാൾ ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും കാലതാമസമില്ലാതെ കേരള ബാങ്കിൻ്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോർഡ് അംഗങ്ങളുടെ സ്ഥാനാരോഹണ വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആര്‍ബിഐയുടെ അംഗീകാരം കിട്ടിയാൽ ഭാവിയിൽ പ്രവാസികൾക്കും ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ സ്വന്തം ബാങ്കായി മാറുമെന്നും പ്രൊഫഷണൽ രീതിയിലായിരിക്കും ബാങ്കിന്‍റെ പ്രവർത്തനമെന്നും സാമൂഹ്യക്ഷേമത്തിന്‍റെ സാമ്പത്തിക സ്രോതസായി ബാങ്ക് മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഉജ്വല വിജയം നേടിയിരുന്നു. എൽഡിഎഫ്‌ പ്രതിനിധികളായി അഡ്വ. എസ്‌ ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലൻ (ആലപ്പുഴ), കെ ജെ ഫിലിപ്പ്‌ (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണൻ (തൃശൂർ), എ പ്രഭാകരൻ (പാലക്കാട്‌), പി ഗഗാറിൻ (വയനാട്‌), സാബു എബ്രഹാം (കാസർകോട്‌), കെ ജി വത്സലകുമാരി (കണ്ണൂർ), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക്‌ പ്രതിനിധി) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.എൽഡിഎഫ്‌ പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട്‌ ജില്ലയിൽനിന്ന്‌ രമേശ്‌ ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തിൽ നിർമലാ ദേവി (പത്തനംതിട്ട), പുഷ്‌പ ദാസ്‌ (എറണാകുളം) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുപുറമെ ആറുപേർകൂടി ചേരുന്നതാണ്‌ കേരള ബാങ്ക്‌ ഭരണസമിതി. തെരഞ്ഞെടുക്കപ്പെട്ട 14 അംഗങ്ങള്‍‌ ചുമതലയേൽക്കും. ബോർഡിലെ രണ്ട്‌ സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരുടെ ഒഴിവിൽ ഒരാളെ സർക്കാർ നാമനിർദേശം ചെയ്‌തു. പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌ ബാങ്ക്‌ മുൻ മാനേജിങ്‌ ഡയറക്ടർ എസ്‌ ഹരിശങ്കറാണ്‌ നിയമിതനായത്‌. ഒ‌രാളെ പിന്നീട്‌ നാമനിർദേശം ചെയ്യും.

സഹകരണ വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്‌ട്രാർ ഡോ. നരസിംഹുഗാരി ടി എൽ റെഡ്ഡി, കേരള ബാങ്ക്‌ സിഇഒ പി എസ്‌ രാജൻ, നബാർഡ്‌ കേരള റീജ്യണൽ ചീഫ്‌ ജനറൽ മാനേജർ പി ബാലചന്ദ്രൻ എന്നിവർ അനൗദ്യോഗിക അംഗങ്ങളാണ്‌. വായ്‌പേതര സംഘങ്ങളുടെ പ്രതിനിധിയെ ഡയറക്ടർ ബോർഡിന്‌ യോഗത്തിലേക്ക്‌ ക്ഷണിക്കാം, വോട്ടവകാശം ഉണ്ടാകില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *