കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ കൊണ്ടുവന്ന് തുടര്‍ഭരണം നശിപ്പിക്കരുതെന്ന് കാനം

കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ കൊണ്ടുവന്ന് തുടര്‍ഭരണം നശിപ്പിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കേരളാ കോണ്‍ഗ്രസിന്‍റെ സഹായമില്ലാതെ കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടും. കേരള കോണ്‍ഗ്രസിന്‍റെ ജന പിന്തുണ പാല ഉപതെരഞ്ഞെടുപ്പില്‍ അറിഞ്ഞതാണ്. ജോസ് വിഭാഗം വന്നാല്‍ സിപിഐയുടെ രണ്ടാം സ്ഥാനം നഷ്ടപെടുമെന്ന ഭയമില്ല.

ഗണിത ശാസ്ത്രത്തിന്‍റെ രാഷ്ട്രീയത്തിലല്ല, രാഷ്ട്രീയത്തിലെ ഗണിത ശാസ്ത്രത്തിലാണ് സി.പി.ഐക്ക് വിശ്വാസമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലല്ലോയെന്നും കാനം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഒരു പുതിയ ഘടകകക്ഷിയെ മുന്നണിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കേരള കോണ്‍ഗ്രസുമായുള്ളത് നയപരമായ തര്‍ക്കമാണെന്നും അല്ലാതെ കുടുംബതര്‍ക്കം വല്ലതുമുണ്ടോയെന്നും കാനം ആരാഞ്ഞു. മുന്നണിയില്‍ സി.പി.ഐക്ക് രണ്ടാംസ്ഥാനം നഷ്ടപ്പെടും എന്ന പേടിയാണോ എന്ന ചോദ്യത്തിന് പത്തൊമ്പതും രണ്ടും തമ്മില്‍ എത്രയാ വ്യത്യാസം എന്നായിരുന്നു കാനത്തിന്റെ മറുപടി.

ഞങ്ങള്‍(സി.പി.ഐ.)ക്ക് 19 എം.എല്‍.എ.മാരുണ്ട്. ജോസിന് രണ്ട് എം.എല്‍.എ.മാരുണ്ട്. എങ്ങനെയാണ് സി.പി.ഐ.ക്ക് രണ്ടാം സ്ഥാനം നഷ്ടമാവുകയെന്നും അദ്ദേഹം ആരാഞ്ഞു. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് സി.പി.ഐ. നേരത്തെ സ്വീകരിച്ച നിലപാട് മാറ്റേണ്ട യാതൊരു ഭൗതികസാഹചര്യവും ഉണ്ടായിട്ടില്ലെന്നും കാനം വ്യക്തമാക്കി.

യു.ഡി.എഫ്. ദുര്‍ബലമായാല്‍ അതിന്റെ ഗുണം എല്‍.ഡി.എഫിനാണ് ലഭിക്കുന്നത്. യു.ഡി.എഫ് ദുര്‍ബലമായാല്‍ കോട്ടയത്തെ ഏഴു സീറ്റുകളിലും എല്‍.ഡി.എഫ്. വിജയിക്കും. പാലായില്‍ മാണി സി. കാപ്പന്‍ വിജയിച്ചത് എല്‍.ഡി.എഫ്. ഒരുമിച്ച് പ്രവര്‍ത്തിച്ചതു കൊണ്ടാണ്. കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഇടതുമുന്നണിക്ക് കേരളത്തില്‍ തുടര്‍ഭരണം കിട്ടും. ഇനി അത് നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *