കെ.എം ഷാജി എം.എല്‍.എയുടെ സ്വത്ത് വിവരങ്ങളും ഇ. ഡി പരിശോധിക്കുന്നു

കൈക്കൂലി കേസിലെ അന്വേഷണത്തിന്‍റെ ചുവട് പിടിച്ച്‌ കെ.എം ഷാജി എം.എല്‍.എയുടെ സ്വത്ത് വിവരങ്ങളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് പരിശോധിക്കുന്നു. അഴിമതി ആരോപണം ഉയരുന്നതിന് മുൻപ് വാങ്ങിയ ആസ്തികളുടെ രേഖകളടക്കം ഹാജരാക്കണമെന്നാണ് കെ.എം ഷാജിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അനുവദിച്ചതിലും കൂടുതല്‍ അളവിലാണ് കെ.എം ഷാജി കോഴിക്കോട് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ എന്‍ഫോഴ്സ്മെന്‍റിനെ അറിയിക്കും. കെ.എം ഷാജി എം.എല്‍.എയുടെ ബാങ്ക് ഇടപാടുകള്‍ ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു.

കൈക്കൂലിയായി നല്‍കിയെന്ന് പറയുന്ന 25 ലക്ഷം സംബന്ധിച്ച വിവരങ്ങളൊന്നും രേഖകളില്‍ കണ്ടെത്തിയിട്ടില്ല. തുടര്‍ന്നാണ് ആസ്തിവിവരങ്ങള്‍ ശേഖരിക്കുന്നത്. അഴീക്കോട് സ്കൂളിന് +2 സീറ്റ് അനുവദിച്ച 2014ന് മുമ്ബുള്ള വിവരങ്ങളും ഇ.‍ഡി ശേഖരിക്കുന്നുണ്ട്. എം.എല്‍.എ ആകുന്നതിന് മുമ്ബ് കോഴിക്കോട് മാലൂര്‍കുന്നില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങളും,

2011 ല്‍ ആദ്യം എം.എല്‍.എയായതിന് പിന്നാലെ വാങ്ങിയ അഴീക്കോട്ടെ വില്ലയുടെ രേഖകളുമടക്കം ഷാജിയോട് ഇ.ഡി ചോദിച്ചിട്ടുണ്ട്. നവംബര്‍ 10 ന് ചോദ്യം ചെയ്യലിന് എത്തുമ്ബോള്‍ വിദേശയാത്രകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഇ.ഡി നല്‍കിയ നോട്ടീസില്‍ പറയുന്നു. അതേസമയം 3000 സ്ക്വയര്‍ഫീറ്റില്‍ വീട് നിര്‍മ്മിക്കാന്‍ നല്‍കിയ അനുമതിയുടെ മറവില്‍ 5260 സ്ക്വയര്‍ഫീറ്റിലുള്ള വീട് കെ.എം ഷാജി നിര്‍മ്മിച്ചെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്. 2015 ല്‍ പൂര്‍ത്തിയാക്കിയ വീടിന്‍റെ കെട്ടിട നികുതിയും ആഡംബര നികുതിയും ഇതുവരെ അടച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *