കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് പോയ വനിതാ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ തടഞ്ഞു

നിലയ്ക്കല്‍: കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് പോയ വനിതാ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ തടഞ്ഞു. കോട്ടയത്ത് നിന്നുള്ള ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് ബസില്‍ ഉണ്ടായിരുന്നത്.

പമ്പയിലെത്തി റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും മാത്രമാണ് എത്തിയതെന്ന് ദേശീയ മാധ്യമപ്രവര്‍ത്തക പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കാനല്ല എത്തിയതെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാര്‍ തിരിച്ചുവിട്ടെന്നും അവര്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശത്തില്‍ തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായി ദേവസ്വം ബോര്‍ഡ് തിരുവനന്തപുരത്ത് ചര്‍ച്ച തുടങ്ങി. അതേസമയം സ്ത്രീ പ്രവേശനത്തിനെതിരായ നിലയ്ക്കലിലെ സമരം പ്രതിഷേധക്കാര്‍ ശക്തമാക്കി. പന്തളത്തുനിന്നാരംഭിച്ച നാമജപ ഘോഷയാത്രയുടെ ഭാഗമായുള്ള ബൈക്ക് റാലി ഉച്ചയ്ക്ക് മുന്‍പ് നിലയ്ക്കലിലെത്തും. കൂടുതല്‍ ഹിന്ദു സംഘടകള്‍ നിലയ്ക്കയിലെ സമരത്തില്‍ പങ്കുചേരും. ശബരിമല തീര്‍ഥാടകരെ തടഞ്ഞാല്‍ കര്‍ശനനടപടിയെന്ന് പൊലീസും വ്യക്തമാക്കി. പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളോ യോഗങ്ങളോ അനുവദിക്കില്ല.

നിലയ്ക്കലിന് അപ്പുറം സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ ഉപരോധം തുടങ്ങി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടില്ല. പരിവാര്‍ സംഘടനകളാണ് ഈ പ്രതിഷേധത്തിന് പിന്നില്‍.

പമ്പ വരെ പോകാമെന്നിരിക്കെ പകുതി വഴിക്ക് വച്ച് തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ എത്തി തടയുകയായിരുന്നു. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നും ഇവര്‍ വാദിക്കുന്നുണ്ട്. പമ്പവരെ സ്ത്രീകളെത്തിയാല്‍ കണ്ണ് വെട്ടിച്ച് അവര്‍ സന്നിധാനത്ത് എത്തുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നിലയ്ക്കലിലെ ഉപരോധം. പമ്പയിലേക്കുള്ള മുഴുവന്‍ റോഡിലും നിരീക്ഷണം കര്‍ശനമാക്കും.

സ്ത്രീ പ്രവേശനം തടയില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടരുമ്പോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകളെ അടക്കം ഉള്‍പ്പെടുത്തി തടയല്‍ നടക്കുന്നത്. നാളെ വൈകിട്ടാണ് ശബരിമലയില്‍ നട തുറക്കുന്നത്. ഇന്ന് ഉച്ചയോടെ വനിതാ പൊലീസിനെ പമ്പയില്‍ എത്തിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധിക്കാനായി നിലയ്ക്കലില്‍ എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *