കൂടത്തായി ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ ഇന്ന് പൊന്നാമറ്റത്തെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും

വടകര : കൂടത്തായി ആല്‍ഫൈന്‍ വധക്കേസില്‍ പ്രതി ജോളിയെ ഇന്ന് കൂടത്തായി പൊന്നാമറ്റത്തെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. സിലി വധക്കേസില്‍ കസ്റ്റഡിയിലുള്ള എം എസ് മാത്യുവിനെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലാണ് മാത്യുവിനെ ചോദ്യം ചെയ്യുന്നത്.
കൊല്ലപ്പെടുന്നതിന് തൊട്ട് മുന്‍പ് സിലി സെബാസ്റ്റ്യന്‍ യാത്ര ചെയ്ത ജോളിയുടെ ആദ്യത്തെ കാര്‍ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സിലി യാത്ര ചെയ്തതും സയനൈഡ് ഉള്ളില്‍ ചെന്നു കുഴഞ്ഞു വീണ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഈ കാറിലാണ്.

യാത്രക്കിടെ സിലി കാറില്‍ ഛര്‍ദിച്ചിരുന്നതിനാല്‍ അതിന്റെ അംശം കണ്ടെത്തുന്നതിന് കോടതി അനുമതിയോടെ ഫോറന്‍സിക് വിഭാഗം വിശദമായി പരിശോധിക്കും. മാത്യുവിനെ മൂന്നു ദിവസത്തേക്കും ജോളിയെ നാല് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.ഇതിനിടെ ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. താമരശ്ശേരി മുന്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ ജയശ്രീയടക്കമുള്ള മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കൈമാറി. ഡപ്യൂട്ടി കലക്ടര്‍ സി. ബിജുവാണ് അന്വേഷിച്ചത്.

പൊന്നാമറ്റം ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. ജോളിയുടെ പേരില്‍ നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥര്‍ക്ക് പിഴവുണ്ടയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *