കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ജേക്കബ് എബ്രാഹം യു.ഡി.എഫ് സ്ഥാനാർഥിയായേക്കും

കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കുട്ടനാട്ടിൽ മത്സരിക്കാൻ സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജേക്കബ് എബ്രഹാം മത്സരിച്ചേക്കുമെന്നാണ് സൂചന.

കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ്‌ വിഭാഗത്തിന് കുട്ടനാട്ടിൽ സീറ്റ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചത്. ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷം ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും.

വൈകിട്ട് കുട്ടനാട്ടിലെ യോഗത്തിൽ പാർട്ടി ചെയർമാൻ പി.ജെ ജോസഫും സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ യു.ഡി.എഫിനായി മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായായി പ്രഖ്യാപിക്കാനാണ് തീരുമാനം.

എന്നാൽ ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുട്ടനാട് സീറ്റ്‌ കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് കുട്ടനാട്ടിൽ മത്സരിക്കണമെന്ന് യൂത്ത് കോൺഗ്രസും കെ.എസ്.യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നിലവിൽ സീറ്റ് പിടിച്ചെടുക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് നിലപാട്. അതേസമയം എൽ.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എന്നാൽ മണ്ഡലത്തിൽ എൻസിപി സ്ഥാനാർഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തിൽ പ്രചരണം ആരംഭിച്ചു. എൽ.ഡി.എഫ് ഘടക കക്ഷികളും രംഗത്തുണ്ട്. എന്നാൽ എൻ.ഡി.എയുടെ സ്ഥാനാർഥി ചിത്രം ഇപ്പോഴും വ്യക്തമല്ല. അതേസമയം സർവകക്ഷി യോഗത്തിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. എം.എൽ.എ ഇല്ലാത്തതിനാൽ മുടങ്ങിക്കിടക്കുന്ന കുട്ടനാടിന്‍റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തെരെഞ്ഞെടുപ്പ് വേണമെന്ന ആവശ്യവും സജീവമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *