കള്ളപ്പണം പിടിക്കാന്‍ സിബിഐ

കള്ളപ്പണം പിടിക്കാന്‍ ഇനി സിബിഐയും. നോട്ട് റദ്ദാക്കിയതിന് ശേഷം ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് സ്വതന്ത്രചുമതല നല്‍കി. ആദായനികുതി വകുപ്പം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റുമാണ് ഇത്തരം കേസുകള്‍ നിലവില്‍ കൈകാര്യം ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ദുരുപയോഗപ്പെടുത്തിയതായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് സിബിഐക്കും അന്വേഷണത്തിന് സര്‍ക്കാര്‍ അധികാരം നല്‍കിയത്.

നവംബര്‍ എട്ടിനു ശേഷം നടന്ന ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാന്‍ സിബിഐ പ്രത്യേക സംഘത്തെ നിയോഗിക്കും. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ശര്‍മയാകും സംഘത്തെ നയിക്കുക. സിബിഐയുടെ ബാങ്കിങ് സെക്യൂരിറ്റീസ് ആന്‍ഡ് ഫിനാന്‍സ് സെല്ലിന്റെ മേധാവിയാണ് ശര്‍മ. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയ പരാതികളും സിബിഐ അന്വേഷിക്കും. പുതിയ അന്വേഷണ സംഘം രൂപീകരിച്ചതായും വിവിധ സംഭവങ്ങളിലായി ഒന്‍പത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കള്ളപ്പണത്തിനെതിരെ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും വിശ്രമമില്ലാതെ പരിശോധനകള്‍ നടത്തി വരികയാണ്. ദല്‍ഹി, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുത്തു. സിബിഐ കൂടി രംഗത്തിറങ്ങുന്നതോടെ പരിശോധനകള്‍ ശക്തിപ്പെടും. പഴുതുകള്‍ മുതലെടുത്ത് ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണമുണ്ട്. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതിന്റെ വിവരങ്ങളും പുറത്ത് വന്നിരുന്നു. കള്ളപ്പണം പിടിച്ചെടുത്തവയില്‍ പുതിയ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.
സിബിഐ രംഗത്തെത്തുന്നതോടെ ബാങ്കുകളില്‍ രാജ്യവ്യാപക റെയ്ഡുകളുണ്ടാകും. അമ്പത് ബാങ്ക് ബ്രാഞ്ചുകള്‍ക്കെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *