കര്‍ഷക കുടുംബത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്

1945 ഒക്ടോബര്‍ 1ന് കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ ദേറാപൂരില്‍ കര്‍ഷക കുടുംബത്തില്‍ ജനനം. അച്ഛന്‍ ശ്രീ മൈക്കു ലാല്‍ അമ്മ കലാവതി സന്തല്‍പൂരിലെ പ്രാഥമിക വിദ്യാലയത്തില്‍ സ്‌കൂള്‍ പഠനത്തിനു ശേഷം കാണ്‍പൂരിലെ ടിഎവി കോളേജില്‍ നിന്ന് കൊമേഴ്‌സിലും നിയമത്തിലും ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ദല്‍ഹിയില്‍ സിവില്‍ സര്‍വ്വീസ് പഠനം.

ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരണമെന്നാഗ്രഹിച്ച് പരിശീലനത്തിനായി ഡല്‍ഹിയിലേക്ക്. ആദ്യ രണ്ടു വട്ടവും വിജയിച്ചില്ല. മൂന്നാമത്തെ പ്രാവശ്യം വിജയിച്ചെങ്കിലും ഐഎഎസ് കിട്ടാത്തതിനാല്‍ സര്‍വീസില്‍ കയറാതെ അഭിഭാഷകനായി കോടതിയിലേക്ക്. പിന്നീട് സുപ്രീം കോടതിയില്‍ അഭിഭാഷകനായി.

1977 ല്‍ ജനതാപാര്‍ട്ടിയുടെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറി. പിന്നീട് ദ്വയാംഗത്വ പ്രശ്‌നം വന്ന് ഭാരതീയ ജനതാപാര്‍ട്ടി ഉണ്ടായപ്പോള്‍ ബിജെപിയില്‍.

പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.1990ല്‍ യുപിയിലെ ഘടംപൂരില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1994ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണയായി 2006 വരെ രാജ്യസഭാംഗമായി തുടര്‍ന്നു.

1998-2002 ല്‍ ബിജെപിയുടെ പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനവും വഹിച്ചു. കോലി സമുദായാംഗം, അഖിലേന്ത്യാ കോലി സമാജം അധ്യക്ഷന്‍. പതിമൂന്ന് വര്‍ഷത്തോളം സുപ്രീംകോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍.ദളിതര്‍ക്കും സ്ത്രീകള്‍ക്കുമായി സൗജന്യ നിയമ സഹായം നല്‍കുന്ന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.കാണ്‍പൂരിലെ വസതി അഗതി കേന്ദ്രമാക്കി മാറ്റി.

പാര്‍ട്ടിയുടെ വക്താവായും ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ദേശീയ അദ്ധ്യക്ഷനായും മികച്ച പ്രകടനം കാഴ്ച വച്ചു. 2015 ല്‍ ബീഹാറിന്റെ ഗവര്‍ണറായി . ഇപ്പോള്‍ ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതി. കെആര്‍ നാരായണനു ശേഷം രാഷ്ട്രപതിയാവുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ്.

ആദര്‍ശ ശുദ്ധിയും ലളിത ജീവിതവും കൈമുതല്‍. പാരമ്പര്യ സ്വത്തായി കിട്ടിയ വീട് ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി കമ്യൂണിറ്റി ഹൗസ് നിര്‍മ്മിക്കാന്‍ നല്‍കി. എന്നും എപ്പോഴും അവശ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തന പാതയില്‍.

സമൂഹികമായി താഴേത്തട്ടിലായിപ്പോയ വലിയൊരു സമൂഹത്തിന് കോവിന്ദ് രാഷ്ട്രപതിയാകുന്നതോടെ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല . അങ്ങനെ നോക്കുമ്പോള്‍ നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വീണ്ടും നല്‍കുന്നത് വളരെ വലിയൊരു സന്ദേശം തന്നെയാണ്.

എന്നും ദുര്‍ബ്ബല ജനവിഭാഗത്തിനൊപ്പം

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം അവരുടെ ശബ്ദമായി എക്കാലത്തും പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് രാംനാഥ് കോവിന്ദ്. സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗത്തിനൊപ്പം നിന്നുകൊണ്ട് സ്ത്രീകള്‍ക്കും ദളിതര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു.

സൗജന്യ നിയമ സഹായം നല്‍കുന്നതടക്കമുള്ള നിരവധി ദൗത്യങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു. പൊതുജീവിതം പൂര്‍ണ്ണമായും ദളിത്,പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായതോടെ യുപിയിലെയും ബീഹാറിലെയും പ്രാദേശിക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാന്‍ ബിജെപിക്ക് കഴിയും.

അഖിലേന്ത്യാ കോലി സമാജിന്റെ അധ്യക്ഷന്‍ കൂടിയാണ് രാംനാഥ് കോവിന്ദ്. സവിത കോവിന്ദ് ആണ് ഭാര്യ. പ്രശാന്ത് കുമാര്‍, സ്വാതി എന്നിവര്‍ മക്കള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *