കയ്യാങ്കളിക്കേസ് ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാകും

നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇന്ന് നിയമസഭ പ്രക്ഷുബ്ദമാകും. കേസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയമുന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

വി ശിവന്‍കുട്ടിക്ക് പ്രതിരോധം തീര്‍ത്തുളള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വിശദീകരിക്കും. മലപ്പുറം ജില്ലയില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് എം കെ മുനീര്‍ ശ്രദ്ധ ക്ഷണിക്കലിലൂടെ ഉന്നയിക്കും. മരം മുറിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സഭയില്‍ ഉണ്ടാകും. ഗതാഗത-ഫിഷറീസ് വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളും ഇന്ന് സഭയില്‍ നടക്കും.

അതേസമയം കെഎസ് യു ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. കളക്ട്രേറ്റുകളിലും പ്രതിഷേധമുണ്ടാകും. കെപിസിസി പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *